രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ലോകത്തിന് നല്‍കുന്ന സൂചന എന്ത്?.. കേന്ദ്രത്തോട് സുപ്രീം കോടതി

രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ലോകത്തിന് നല്‍കുന്ന സൂചന എന്ത്?.. കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇത് ലോകത്തിന് നല്‍കുന്ന സൂചന എന്താണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. വായു മലിനീകരണം കുറഞ്ഞാലും ഈ കേസ് അവസാനിപ്പിക്കില്ലെന്നും വിശദമായ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അടുത്ത മൂന്ന് ദിവസത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും തുടരുന്ന നിയന്ത്രണങ്ങള്‍ വായു മലിനീകരണ തോത് കുറച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

മലിനീകരണം കുറയുന്ന സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഉള്‍പ്പടെ പ്രധാന മേഖലകള്‍ക്ക് തുടരുന്ന നിരോധനം ഒഴിവാക്കാവുന്നതാണെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ വായുമലിനീകരണം കൂടില്ലെന്നതിന് എന്താണ് ഉറപ്പെന്ന് ചോദിച്ച കോടതി പരിഹാരത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ആലോചിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ദില്ലി, പഞ്ചാബ്, യുപി, ഹരിയാന സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനമാണ് വായു മലിനീകരണ ഭീഷണി നേരിടുന്നത്. ഇതിലൂടെ എന്ത് സൂചനയാണ് നമ്മള്‍ ലോകത്തിന് നല്‍കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കാറ്റിന്റെ ഗതി മാത്രം നോക്കിയല്ല മലിനീകരണം കുറയുമോ കൂടുമോയെന്ന് തീരുമാനിക്കേണ്ടത്.

ശാസ്ത്രീയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതിനാല്‍ വായുമലിനീകരണം കുറഞ്ഞാലും ഈ കേസ് അവസാനിപ്പിക്കില്ല. വിശദമായ ഉത്തരവ് ഇറക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.

തല്‍ക്കാലം മൂന്ന് ദിവസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ തുടരാന്‍ നിര്‍ദ്ദേശിച്ച കോടതി, ഏതെങ്കിലും മേഖലക്ക് ഇളവ് നല്‍കണോ എന്നത് അടുത്ത തിങ്കളാഴ്ച പരിശോധിക്കാമെന്ന് അറിയിച്ചു. നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ തൊഴില്‍ മുടങ്ങുന്നവര്‍ക്ക് സര്‍ക്കാരുകള്‍ സാമ്പത്തിക സഹായം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

എല്ലാ സംസ്ഥാനങ്ങളിലെയും തൊഴിലാളി ക്ഷേമനിധിയില്‍ കോടിക്കണക്കിന് രൂപ ഉള്ളത് അറിയാമെന്നും ആ പണം അതിനായി വിനിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.