ഇരിട്ടി: കാട്ടാനകള്‍ നാട്ടിലിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് ആനക്കൂട്ടം നാട്ടില്‍ ഇറങ്ങിയത്. കൊമ്പന്‍മാര്‍ ഇരിട്ടി നഗരത്തിനടുത്തേക്കും എത്തി. കര്‍ണാടക വനത്തില്‍ നിന്നും ഇറങ്ങി ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ആറളം ഫാമും കടന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് രണ്ട് കൊമ്പന്‍മാര്‍ ഇരിട്ടി നഗരത്തില്‍ നിന്നും നാല് കിലോമീറ്ററപ്പുറം പായം മുക്കിലെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പായംമുക്ക് കടവിന് സമീപം മുരിങ്ങൂര്‍ ഭാഗത്ത് ആയഞ്ചേരി രാജന്റെ വീട്ടുപറമ്പിനോട് ചേര്‍ന്ന് രണ്ട് കാട്ടാനകളെ കാണുന്നത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകള്‍ പ്രദേശവാസികളെ ഭയത്തിന്റെ മുള്‍മുനയില്‍ മണിക്കൂറുകളോളമാണ് നിര്‍ത്തിയത്. ആറളത്തു നിന്നുമെത്തിയ വനപാലകര്‍ കൊമ്പന്‍മാരെ ഫാമിന്റെ അധീന മേഖലയിലേക്ക് തിരിച്ച് കയറ്റി വിട്ടു. ബാവലിപ്പുഴക്കരയിലൂടെ കിലോമീറ്റര്‍ താണ്ടിയാണ് ആറളം പാലത്തിനടിയിലൂടെയാണ് കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തിയത്.
ആറളം ഫോറസ്റ്റര്‍ കെ. ജിജില്‍, കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ചര്‍ സുധീര്‍ നാരോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആറളം പൊലീസും സ്ഥലത്തെത്തി സംയുക്തമായാണ് കാട്ടാനകളെ തിരിച്ചു കയറ്റിയത്. ഇരിട്ടി മേഖലയില്‍ സോഷ്യല്‍മീഡിയയിലൂടെയും പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലൂടെയും മൈക്ക് അനൗണ്‍സ്‌മെന്റു നടത്തിയും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ മേഖലയിലെ വാഹന ഗതാഗതവും തടസപ്പെടുത്തി.
ഇതിനിടയില്‍ ആനകള്‍ ഉച്ചയോടെ ചാക്കാട് കോളനിക്കു സമീപമെത്തി. തുടര്‍ന്ന് ബാവലിപ്പുഴ കടന്ന് പൂതക്കുണ്ട് പുഴക്കരയിലും ആറളം പാലത്തിന് സമീപത്തെ പൊന്തക്കാടുകള്‍ക്കിടയിലും ഏറെ നേരം നിലയുറപ്പിച്ചു. ആറളം പാലത്തിലും മറ്റും ആനകളെ കാണാന്‍ ജനക്കൂട്ടമെത്തിയത് പ്രയാസം സൃഷ്ടിച്ചു. ആനകള്‍ പാലം കടന്നു പോകുന്നത് വരെ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതവും പോലീസ് തടഞ്ഞു. ഉച്ചക്ക് ഒരു മണിയോടെയാണ് ആനകളെ ഫാമിന്റെ അധീന മേഖലയിലേക്ക് കടത്തി വിടാന്‍ വന പാലകര്‍ക്കായത്.
മുഴക്കുന്ന് ജനവാസ കേന്ദ്രത്തില്‍ ആനകളിറങ്ങാറുണ്ടെങ്കിലും ആദ്യമായാണ് ഇരിട്ടി നഗരത്തിനടുത്ത് കാട്ടാനകളെത്തുന്നത്. ഇതു ഇരിട്ടി നഗരവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. ആറളം മേഖലയില്‍ തമ്പടിച്ചു കഴിയുന്ന കാട്ടാനകളാണ് ഇപ്പോള്‍ വനത്തില്‍ നിന്നും പുറത്തേക്കിറങ്ങുന്നത്.
രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് ഇരിട്ടി കോളിക്കടവ് കാട്ടാനയുടെ ചവിട്ടേറ്റ്പള്ളിയില്‍ പോവുകയായിരുന്ന യുവാവ് മരിച്ചിരുന്നു. കാട്ടാന ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.