വികസന പദ്ധതികള്‍ക്കായി പൊതുമേഖലാ ഭൂമി ഏറ്റെടുക്കല്‍; നഷ്ടപരിഹാരം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍

വികസന പദ്ധതികള്‍ക്കായി പൊതുമേഖലാ ഭൂമി ഏറ്റെടുക്കല്‍; നഷ്ടപരിഹാരം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം: സര്‍ക്കാര്‍ വികസന പദ്ധതികള്‍ക്കായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നതെങ്കില്‍ വിപണിവിലയോടൊപ്പം ആസ്തി വിലയും നൂറു ശതമാനം നഷ്ടപരിഹാരവും നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നതെങ്കില്‍ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കും.

കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി ഏറ്റെടുത്താല്‍ നഷ്ടപരിഹാര തുക ധനകാര്യ വകുപ്പിന് നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭൂമിയാണ് സംസ്ഥാനത്തിന്റെ് വികസന പദ്ധതികള്‍ക്കായി ഏറ്റെടുക്കുന്നതെങ്കില്‍ വിപണി വിലയും ആസ്തികളുടെ വിലയും നല്‍കും. ഇതോടൊപ്പം 100 ശതമാനം നഷ്ടപരിഹാരവും നല്‍കും. വിപണി വിലയോടൊപ്പം പദ്ധതി പ്രദേശത്തേക്കുള്ള ദൂരം കണക്കാക്കി പ്രത്യേക തുക കൂടി നല്‍കുമെന്നും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതലകിന്റെ ഉത്തരവില്‍ പറയുന്നു.

ജില്ലാ കളക്ടര്‍മാരാണ് ലാന്റ് അക്യൂസേഷന്‍, റീഹാബിലിറ്റേഷന്‍ ആന്റ് റീ സെറ്റില്‍മെന്റ് നിയമം അനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കുമ്പോഴും നഷ്ടപരിഹാരം നല്‍കും. എന്നാല്‍ സ്വന്തം തുക ഉപയോഗിച്ച് ഭൂമി വാങ്ങിയ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇതു ലഭിക്കുക.

അതേസമയം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൂമിയാണെങ്കില്‍ നഷ്ടപരിഹാരതുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരാണ് സൗജന്യമായി ഭൂമി വാങ്ങി നല്‍കിയതെങ്കില്‍ നഷ്ടപരിഹാര തുക പദ്ധതി നടപ്പാക്കാനുള്ള ധനകാര്യ വകുപ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.