ആലുവ സി.ഐയ്‌ക്കെതിരെ കൂടുതല്‍ നടപടി വേണം; സ്വയം കേസെടുക്കുന്നതും പരിഗണനയിലെന്ന് വനിതാ കമ്മിഷന്‍

ആലുവ സി.ഐയ്‌ക്കെതിരെ കൂടുതല്‍ നടപടി വേണം; സ്വയം കേസെടുക്കുന്നതും പരിഗണനയിലെന്ന് വനിതാ കമ്മിഷന്‍

ആലുവ: ഗാര്‍ഹിക പീഡന പരാതി നല്‍കാനെത്തിയ മോഫിയാ പര്‍വീണ്‍ ആത്മഹത്യ ചെയ്‌ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലുവ സി.ഐ സുധീറിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി.സംഭവത്തില്‍ ആലുവ ഡിവൈഎസ്‌പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി പി.സതീദേവി പറഞ്ഞു.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം കമ്മിഷന്‍ സ്വയം കേസെടുക്കുന്നതുള്‍പ്പടെ പരിഗണിക്കും. മുന്‍പും ആരോപണവിധേയനായ സിഐ സുധീര്‍ തെറ്റ് ആവര്‍ത്തിക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലായത്. മോഫിയ പര്‍വീണ്‍ വിഷയത്തില്‍ നിലവില്‍ വനിത കമ്മീഷന്‍ കേസ് എടുത്തിട്ടില്ലെന്നും സതീദേവി അറിയിച്ചു.

സംഭവത്തില്‍ ആലുവ ഡിവൈഎസ്‌പി ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് സി.ഐ കു‌റ്റക്കാരനല്ല എന്ന രീതിയിലായിരുന്നു തുടര്‍ന്ന് എസ്.പി നല്‍കിയ നിര്‍‌ദ്ദേശത്തെ തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ മോഫിയ പര്‍വീണ്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സി.ഐയ്‌ക്ക് ഗുരുതര വീഴ്‌ചപറ്റിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒക്‌ടോബര്‍ 29ന് മോഫിയയില്‍ നിന്ന് ലഭിച്ച പരാതി ഡിവൈഎസ്‌പി സി.ഐയ്‌ക്ക് കൈമാറി 25 ദിവസത്തിന് ശേഷമാണ് എന്തെങ്കിലും നടപടിയെടുത്തത്. മോഫിയ ആത്മഹത്യ ചെയ്‌ത ദിവസമാണ് കേസെടുത്തത്. എന്നാല്‍ തെ‌റ്റ് തന്റെ ഭാഗത്തല്ലെന്നും അന്വേഷിക്കാന്‍ ഏല്‍പിച്ച ഉദ്യോഗസ്ഥന്റെ പക്കലാണെന്നുമായിരുന്നു സി.ഐയുടെ വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.