'മിഴിയോരം നനഞ്ഞൊഴുകും'... കവിയും ഗാന രചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു

'മിഴിയോരം നനഞ്ഞൊഴുകും'... കവിയും ഗാന രചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: 'പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലിയ' പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

അര നൂറ്റാണ്ടോളം നീണ്ടു നില്‍ക്കുന്നതാണ് ബിച്ചു തിരുമലയുടെ സിനിമാ ജീവിതം. നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറേ ഗാനങ്ങള്‍ രചിച്ചു. ശ്യം, എ.ടി ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി മനോഹര ഗാനങ്ങള്‍ രചിച്ചു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു 1981 ല്‍ തൃഷ്ണ എന്ന ചിത്രത്തിലെ ഗാനങ്ങളും 1991 ലെ കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയിലെ ഗാനങ്ങളുമാണ് അവാര്‍ഡിന് അര്‍ഹമായത്.

സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ ബിച്ചു തിരുമലയുടെ തൂലികയില്‍ പിറന്നു വീണിട്ടുണ്ട്. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്‍നായരുടെയും മൂത്തമകനായാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടിയ ബിച്ചു തിരുമല 1970 ല്‍ എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത 'ശബരിമല ശ്രീ ധര്‍മ്മശാസ്താ' എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹ സംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്.

സി.ആര്‍.കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി 'ബ്രാഹ്മമുഹൂര്‍ത്തം' എന്നു തുടങ്ങുന്ന ഗാനമെഴുതിയാണ് തുടക്കം. പക്ഷേ ആ ചിത്രം റിലീസായില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ദാമ' യാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1985 ല്‍ പുറത്തിറങ്ങിയ 'സത്യം' എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി.

'ശക്തി' എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, 'ഇഷ്ടപ്രാണേശ്വരി' എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും ബിച്ചുവാണ്.

'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ...' ബിച്ചുവിന്റെ എക്കാലത്തും സൂപ്പര്‍ഹിറ്റായ ഗാനങ്ങളിലൊന്നാണിത്. 'ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ...', 'ഉണ്ണിയാരാരിരോ തങ്കമാരാരിരോ....', 'രാവു പാതി പോയ് മകനേ ഉറങ്ങു നീ...', 'കണ്ണനാരാരോ ഉണ്ണി കണ്‍മണിയാരാരോ...', 'കണ്ണോടു കണ്ണോരം നീ കണിമലരല്ലേ...', 'എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ...' ഇത്തരത്തില്‍ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്.

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നായ 'ജംഗിള്‍ബുക്കി'ല്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ച 'ചെപ്പടിക്കുന്നില്‍ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...' എന്ന അവതരണ ഗാനം മോഹന്‍ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്. 'പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി...' എന്ന കുസൃതി ഒളിപ്പിച്ച വരികളും അദ്ദേഹത്തിന്റേതാണ്.

'ആളൊരുങ്ങി അരങ്ങൊരുങ്ങീ....', 'ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ....', 'തത്തപ്പെണ്ണേ തഞ്ചത്തില്‍ വാ....', 'കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ....', 'എട്ടപ്പം ചുടണം ചുട്ടപ്പം വരണം....', 'ചെപ്പടിക്കാരനല്ലാ അല്ലല്ലാ....', 'കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ....' ബിച്ചുവിന്റെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകളില്‍ ചിലതാണിവ. മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ സ്ഥാനം ഉറപ്പിച്ച 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളില്‍ നിന്നാണ്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ 'മഞ്ചാടിക്കുന്നില്‍...', 'മഞ്ഞണി കൊമ്പില്‍...', 'മിഴിയോരം നനഞ്ഞൊഴുകും...' എന്നീ മൂന്നു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി.

ഫാസില്‍, ഐ.വി ശശി, സിബി മലയില്‍, സിദ്ധിഖ് ലാല്‍ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. 'ശക്തി' എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചല്‍ റോഡിലെ 'സുമതി' എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.

ജല അതോറിട്ടി റിട്ട. ഉദ്യോഗസ്ഥ പ്രസന്നകുമാരിയാണ് ഭാര്യ. സംഗീത സംവിധായകനായ സുമന്‍ ശങ്കര്‍ ബിച്ചു ആണ് മകന്‍. പിന്നണിഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.