കൗതുകക്കാഴ്ചകളുമായി ലോകത്തിലെ ഏറ്റവും വലിയ കണ്ണാടിപ്പാലം

കൗതുകക്കാഴ്ചകളുമായി ലോകത്തിലെ ഏറ്റവും വലിയ കണ്ണാടിപ്പാലം

ലോകത്ത് പ്രകൃതി ഒരുക്കിയ വിസ്മയങ്ങള്‍ നിരവധിയാണ്. അതിനേക്കാള്‍ ഏറെയുണ്ട് അദ്ഭുതപ്പെടുത്തുന്ന മനുഷ്യ നിര്‍മിതികള്‍. അത്തരത്തിലൊന്നാണ് ചൈനിലെ ഒരു ചില്ലുപാലവും. കണ്ണാടിപ്പാലങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് ചൈന. ലോകത്തിലെ ഏറ്റവും നീളമേറിയ ചില്ലുപാലവും ചൈനയിലാണ്.

തെക്കന്‍ ചൈനിലെ ഹുവാങ്ചുവാന്‍ ത്രീ ഗോര്‍ജസ് പ്രദേശത്താണ് ഈ ചില്ലുപാലം സ്ഥിതി ചെയ്യുന്നത്. ഏറെ പ്രസിദ്ധമായ ലിയാന്‍ജിയാങ് നദിക്ക് കുറുകെയാണ് ഈ പാലം. കണ്ണാടിപ്പാലം എന്നു കേള്‍ക്കുമ്പോള്‍ ഭയം തോന്നുമെങ്കിലും ഇതിലൂടെ നടന്നാല്‍ ഒരിക്കലും മറക്കാനാവാത്ത അവിസ്മരണീയമായ അനുഭവമായിരിക്കും ലഭിക്കുക. നയനമനോഹരമായ കാഴ്ചകള്‍ക്കൊണ്ടു തന്നെ ശ്രദ്ധ നേടിയതാണ് ലിയാന്‍ജിയാങ് നദി. ഈ നദിയിലൂടെയുള്ള ബോട്ട് യാത്രയും പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ കണ്ണാടിപ്പാലം കൂടി സന്ദര്‍ശകര്‍ക്കായി തുറന്നപ്പോള്‍ ഹുവാങ്ചുവാന്‍ ത്രീ ഗോര്‍ജസ് പ്രദേശം പല സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടംകൂടിയാകുന്നു.


സെജിയാങ് സര്‍വകലാശാലയിലെ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കണ്ണാടിപ്പാലത്തിന്റെ നിര്‍മിതിക്ക് പിന്നില്‍. 526 മീറ്റര്‍ നീളമുണ്ട് പാലത്തിന്. പാലത്തിന്റെ അടിഭാഗം പൂര്‍ണമായും ചില്ലുകള്‍ക്കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 1.7 ഇഞ്ച് കനമുള്ള മൂന്ന് ചില്ലുകള്‍ വീത്യം അടുക്കിവെച്ചിരിക്കുന്നു. സ്റ്റൈന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് ഗാര്‍ഡ് റെയിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരേസമയം 500 പേര്‍ക്കുവരെ പാലത്തിലൂടെ സഞ്ചരിക്കാം. ഫോട്ടോ എടുക്കാനും മറ്റുമായി പ്രത്യേക പ്ലാറ്റ്‌ഫോമുകളും ചില്ലുപാലത്തില്‍ സജ്ജമാക്കിയിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം.


ലിയാന്‍ജിയാങ് നദിയില്‍ നിന്നും 201 മീറ്റര്‍ ഉയരത്തിലാണ് പാലം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം അടുത്ത കാലത്താണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കണ്ണാടിപ്പാലം എന്ന പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. രണ്ടായിരത്തിലധികം ചില്ലുപാലങ്ങളുണ്ട് ചൈനയില്‍. ഓരോ കണ്ണാടിപ്പാലങ്ങളും തികച്ചും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.