നാന്‍സി പെലോസിയുടെ ഓഫീസില്‍ നടത്തിയ അതിക്രമം കോടതിയില്‍ സമ്മതിച്ച് ഫ്‌ളോറിഡക്കാരന്‍ ജോണ്‍സണ്‍

നാന്‍സി പെലോസിയുടെ ഓഫീസില്‍ നടത്തിയ അതിക്രമം കോടതിയില്‍  സമ്മതിച്ച് ഫ്‌ളോറിഡക്കാരന്‍ ജോണ്‍സണ്‍

വാഷിങ്ടണ്‍: യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ജനുവരി 6 ലെ കലാപത്തിനിടെ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫീസിലെ പ്രസംഗപീഠം ചുമന്ന് ഫോട്ടോയ്ക്കു നിന്നു കൊടുത്ത ഫ്‌ളോറിഡക്കാരന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. നിയന്ത്രിത കെട്ടിടത്തില്‍ അതിക്രമിച്ചു പ്രവേശിച്ചതിലൂടെ കലാപത്തിലെ തന്റെ പങ്കാണ് 36 കാരനായ ആദം ജോണ്‍സണ്‍ വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍ സമ്മതിച്ചത്.

നാന്‍സി പെലോസി ഓഫീസില്‍ പ്രസംഗിക്കുമ്പോള്‍ ഉപയോഗിക്കുന്ന 'ലെക്ടേണ്‍' ആദം ജോണ്‍സണ്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം കലാപ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പിങ്ക് നിറത്തിലുള്ള തൊപ്പി ധരിച്ച സ്ത്രീ മെഗാഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു പറ്റം ആളുകള്‍ സ്പീക്കറുടെ ചേംബറിനെ ലക്ഷ്യമാക്കി നീങ്ങുന്നതും വിഡിയോയില്‍ ദൃശ്യമായിരുന്നു. ആറ് മാസം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ആദം ജോണ്‍സണ്‍ ഏറ്റു പറഞ്ഞിട്ടുള്ളത്. നഷ്ടപരിഹാരത്തിന്റെ വിഹിതമായി 500 ഡോളര്‍ നല്‍കുകയും വേണം. ഫെബ്രുവരി 25 ന് ജഡ്ജി അന്തിമ തീരുമാനം പ്രഖ്യാപിക്കും. കലാപം യു.എസ് കാപ്പിറ്റോളിന് ഏകദേശം 1.5 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം വരുത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ജനപ്രതിനിധി സഭാ സ്പീക്കറും മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവുമായ നാന്‍സി പെലോസിയുടെ (80) ഓഫിസിലേക്കു കടന്നു കയറിയ റിച്ചാര്‍ഡ് ബിഗോ ബാര്‍നറ്റ് എന്നയാളും ഈ സംഘത്തിലുള്ളതാണ്. ഇയാള്‍ പെലോസിയുടെ മേശമേല്‍ കാല്‍വച്ചിരിക്കുന്ന ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. പെലോസിയുടെ ഓഫീസിലെ വലിയ കണ്ണാടിയും ഇയാള്‍ തകര്‍ത്തു. പേരെഴുതിയ ഫലകം ഇളക്കിമാറ്റി.

പ്രതിഷേധക്കാരില്‍ പലരും ആയുധധാരികളായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് ആരോപണം. കാപ്പിറ്റോള്‍ മന്ദിരത്തിനകത്തും പുറത്തുമുള്ളവരുമായി കൃത്യമായ ആശയവിനിമയം നടക്കുന്നുണ്ടായിരുന്നുവെന്നു പ്രോസിക്യൂട്ടര്‍ മൈക്കിള്‍ ഷെര്‍വിന്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണവും ആശയവിനിമയവും ഉണ്ടായിരുന്നുവെന്നു സ്പീക്കര്‍ നാന്‍സി പെലോസി ആരോപിച്ചിരുന്നു.

കാളക്കൊമ്പു കരീടധാരിക്ക് 41 മാസം തടവ്

കലാപത്തിനിടെ വിചിത്രവേഷം ധരിച്ച് കാപ്പിറ്റോളിലേക്ക് അതിക്രമിച്ചുകയറിയ ജേക്കബ് ചാന്‍സ്ലിക്ക്് 41 മാസം തടവുശിക്ഷ ലഭിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനപ്രകാരമാണു കാപ്പിറ്റോളിലെത്തിയതെന്നാണ് ജേക്കബ് കോടതിയില്‍ വ്യക്തമാക്കിയത്. കാളക്കൊമ്പുകളുള്ള കിരീടവും ദേശീയ പതാക കെട്ടിയ കുന്തവുമായി സെനറ്റ് ചേംബറിനു മുന്നില്‍ പൊലീസിനെ വെല്ലുവിളിക്കുന്ന ചാന്‍സ്ലിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.കേസിലെ മറ്റൊരു പ്രതിയായ ആയോധനകല താരം സ്‌കോട്ട് ഫെയര്‍ലാമിനും 41 മാസം തടവുശിക്ഷ ലഭിച്ചു.

തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.കാപ്പിറ്റോളില്‍ ആളുകള്‍ ഇരച്ചുകയറുന്നതിന്റെയും വൈസ്പ്രസിഡന്റിന്റെയും സഭാ സ്പീക്കറുടെയും ഉള്‍പ്പെടെ ഓഫിസുകളില്‍ അതിക്രമം കാട്ടുന്നതിന്റെയും ദൃശ്യങ്ങളില്‍നിന്ന്, അത് വെറുമൊരു ആള്‍ക്കൂട്ട ആക്രമണമോ വൈകാരിക പ്രകടനമോ അല്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

'കാപ്പിറ്റോള്‍ മന്ദിരത്തിന്റെ ഇടനാഴികളിലൂടെ പതാകകളും മറ്റുമായി ഒട്ടേറെ പ്രതിഷേധക്കാര്‍ യാതൊരു തടസ്സവുമില്ലാതെ നടക്കുന്നുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ചേംബറില്‍ സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ പ്രതിഷേധക്കാരെത്തി. അവര്‍ക്കു കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. എവിടേക്കാണ് പോകേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമായിരുന്നു. ജനക്കൂട്ടത്തിന്റെ വൈകാരിക പ്രതികരണമല്ല, കലാപത്തിനു കോപ്പുകൂട്ടുന്ന അക്രമികളെയാണ് അന്ന് അവിടെ കണ്ടത്. കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളില്‍നിന്ന് അക്രമകാരികള്‍ക്കു വ്യക്തമായ നിര്‍ദേശവും സഹായവും ലഭിച്ചിരിക്കാം. അല്ലെങ്കില്‍ ഒരിക്കലും സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ കലാപകാരികള്‍ക്ക എത്താന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല'. ഡമോക്രാറ്റിക് അംഗം ജയിംസ് ക്ലേബേണ്‍ പറഞ്ഞതിങ്ങനെ.

ഇരച്ചെത്തിയ പ്രതിഷേധ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതോടെയായിരുന്നു കലാപത്തിന്റെ തുടക്കം. പിന്നീട് ബാരിക്കേഡുകള്‍ മറികടന്ന് ഇവര്‍ മുന്നോട്ടു കുതിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് കെട്ടിടത്തിലേക്കു കയറി. പ്രതിഷേധക്കാരിലൊരാള്‍ പൊലീസിന്റെ റയട്ട് ഷീല്‍ഡ് ഉപയോഗിച്ചാണ് ജനല്‍ച്ചില്ലുകള്‍ തകര്‍ത്തത്. ഇതുവഴിയാണ് പ്രതിഷേധക്കാരിലേറെയും കാപ്പിറ്റോള്‍ മന്ദിരത്തിലേക്കു കടന്നത്. പുറത്ത് സംഘര്‍ഷം നിയന്ത്രണാതീതമായതോടെ സെനറ്റും സഭയും നിര്‍ത്തിവച്ച് കോണ്‍ഗ്രസ് അംഗങ്ങളെ ഓഫിസുകളിലേക്കും സുരക്ഷാ മുറികളിലേക്കും അടിയന്തരമായി മാറ്റുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.