തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിര്‍മ്മാണത്തില്‍ ആധുനിക സാങ്കേതി വിദ്യ നടപ്പാക്കാന്‍ തീരുമാനം. റോഡുകള്‍ മഴയത്ത് തകരുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. പൊതുമരാമത്ത് വകുപ്പിന്റേയും കിഫ്ബിയുടേയും റോഡ് നിര്‍മ്മാണത്തിലാണ് നിലവിലുള്ളവയ്ക്ക് പകരമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുക. ഉപദേശ സമിതി ശുപാര്‍ശ ചെയ്ത ആറ് സാങ്കേതിക വിദ്യകളും പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
മഴയത്ത് റോഡുകള്‍ തകരുന്നത് പതിവായ സാഹചര്യത്തിലാണ് റോഡ് നിര്‍മ്മാണത്തില്‍ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനായി രൂപീകരിച്ച ഉപദേശക സമിതി ആറു സാങ്കേതി വിദ്യകളാണ് കിഫ്ബി റോഡ് നിര്‍മ്മാണത്തിന് ശുപാര്‍ശ ചെയ്തത്. ഇതു പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണത്തിന് കൂടി ബാധകമാക്കി.
ജിയോസെല്ലുകളും ജിയോ ഗ്രിഡുകളും ഉപയോഗിക്കുക, എഫ്.ഡി.ആര്‍, മൈക്രോ സര്‍ഫസിംഗ്, സെഗ്മെന്റല്‍ ബേല്‍ക്ക്സ്, സോയില്‍ നെയിലിംഗ്, ഹൈഡ്രോ സീഡിംഗ് എന്നിവയാണ് സര്‍ക്കാര്‍ അംഗീകരിച്ച സാങ്കേതിക വിദ്യകള്‍. കടലാക്രമണം തടയാനും റോഡുകള്‍ പൊട്ടിപ്പൊളിയുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്നാണ് ഉപദേശക സമിതിയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പിന്റേയും കിഫ്ബിയുടേയും റോഡ് നിര്‍മ്മാണത്തില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഇവ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ചിലവ് കുറവായിരിക്കുമെന്ന് ഉറപ്പാക്കണമെന്നും ഉപയോഗിക്കുന്ന സാധനങ്ങളുടെ വിപണി വില കുറവായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാഥമിക പഠനത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. ഇതിനു ശേഷമാകും സംസ്ഥാന വ്യാപകമായി ഇതു നടപ്പാക്കാന്‍ അനുമതി നല്‍കുക. പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പാക്കിയതിലൂടെ പല സംസ്ഥാനങ്ങളിലും റോഡുകളുടെ നിലവാരം ഉയര്‍ന്നതായി ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.