സന്തോഷ് ട്രോഫി: കേരള ടീമിനെ ജിജോ ജോസഫ് നയിക്കും; 22 അംഗ ടീമില്‍ 15 പേര്‍ പുതുമുഖങ്ങള്‍

 സന്തോഷ് ട്രോഫി: കേരള ടീമിനെ ജിജോ ജോസഫ് നയിക്കും; 22 അംഗ ടീമില്‍ 15 പേര്‍ പുതുമുഖങ്ങള്‍

കൊച്ചി: കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ ഇത്തവണ എസ്ബിഐ താരം ജിജോ ജോസഫ് നയിക്കും. മുമ്പ് ആറ് സന്തോഷ് ട്രേഫി മത്സരങ്ങളില്‍ കേരളത്തിനു വേണ്ടി ബൂട്ട് അണിഞ്ഞ തൃശൂര്‍ സ്വദേശിയായ ജിജോ തന്നെയാണ് ടീമിലെ സീനിയര്‍ താരം. യുവ താരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് പ്രഖ്യാപിച്ച ടീമിലെ എല്ലാവരും 30 വയസിന് താഴെയുള്ളവരാണ്.

ലോക റെയില്‍വേ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച തിരുവനന്തപുരം സ്വദേശി എസ് രാജേഷ് മുന്നേറ്റനിരയെ നയിക്കും. മൂന്ന് തവണ കര്‍ണാടകയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയില്‍ മത്സരിച്ച പരിചയസമ്പത്തോടെയാണ് രാജേഷ് ഇത്തവണ കേരളത്തിനായി ബൂട്ട് അണിയുന്നത്.

മുന്‍ ഗോകുലം കേരളാ താരവും കേരളാ ബ്ളാസ്റ്റേഴ്‌സിന്റെ റിസര്‍വ് താരവുമായിരുന്ന അര്‍ജുന്‍ ജയരാജും ഇത്തവണത്തെ കേരള ടീമില്‍ അംഗമാണ്. കേരളാ യുണൈറ്റഡ് എഫ്.സി താരവും കണ്ണൂര്‍ സ്വദേശിയുമായ മിഥുന്‍ ഗോള്‍ വല കാക്കും. ടീമിലെ മുതിര്‍ന്ന താരങ്ങളിലൊരാള്‍ കൂടിയാണ് 28കാരനായ മിഥുന്‍.

ഇതിന് മുമ്പ് അഞ്ച് സന്തോഷ് ട്രോഫികളില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള മിഥുനോടൊപ്പം കെഎസ്ഇബിയുടെ ഹജ്മല്‍ രണ്ടാം ഗോള്‍ കീപ്പറായുണ്ട്. 22 അംഗ ടീമില്‍ 15 പേര്‍ പുതുമുഖങ്ങളാണ്. മുഹമ്മദ് സഹീഫ്, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് അഫ്‌സല്‍, ഷിഖില്‍ എന്‍ എസ്, മുഹമ്മദ് ബാസിത് എന്നിവരാണ് ടീമിലെ അണ്ടര്‍ 21 താരങ്ങള്‍.

ടീം: ഗോള്‍ കീപ്പര്‍ - മിഥുന്‍ വി, ഹജ്മല്‍; പ്രതിരോധ നിര - സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിന്‍ തോമസ്, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്, മുഹമ്മദ് ബാസിത്. മധ്യനിര: മുഹമ്മദ് റാഷിദ്, ജിജോ ജോസഫ്, അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍ കെ, ആദര്‍ശ് എം, ബുജൈര്‍ വി, നൗഫല്‍ പി എന്‍, നിജോ ഗില്‍ബര്‍ട്ട്, ഷിഖില്‍ എന്‍ എസ്. മുന്നേറ്റ നിര: ജെസിന്‍ ടി കെ, എസ് രാജേഷ്, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് അഫ്‌സല്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.