ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഒപ്പോ; 2024 ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും

ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഒപ്പോ; 2024 ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും

മുംബൈ: മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഒപ്പോ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നു. ഇലക്ട്രിക് കാറിന്റെ നിര്‍മാണം സംബന്ധിച്ച് ഒപ്പോ ഔദ്യോഗിക സ്ഥിരീരണം നടത്തിയിട്ടില്ലെങ്കിലും വാഹന നിര്‍മാണത്തിന്റെ പ്രാരംഭ നടപടികളിലാണ് കമ്പനിയെന്നാണ് സൂചനകള്‍. 2023 അവസാനത്തോടെ ഒപ്പോയുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഒപ്പോയുടെ പ്രധാന വിപണിയായ ഇന്ത്യയില്‍ 2024 ല്‍ ഈ വാഹനം എത്തിക്കുമെന്നും വിവരമുണ്ട്. വാഹനത്തിന്റെ മെക്കാനിക്കല്‍ സംബന്ധമായ വിവരങ്ങളൊന്നും നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാഹന നിര്‍മാണം എന്ന പുതിയ സംരംഭത്തിനായി ജീവനക്കാരെ നിയമിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒപ്പോയുടെ സി.ഇ.ഒ. ടോണി ചാന്‍ ടെസ്ലയുടെ വിതരണക്കാരുമായും സുപ്രധാനമായ ബാറ്ററി നിര്‍മാതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനങ്ങള്‍ക്ക് സോഫ്റ്റ് വെയര്‍ സേവനം ഉറപ്പാക്കുന്ന കമ്പനികളുടെ കോണ്‍ഫറന്‍സില്‍ ഒപ്പോയ്ക്കും ക്ഷണം ലഭിച്ചതോടെയാണ് വാഹനം നിര്‍മാണം സംബന്ധിച്ച സൂചനകള്‍ പുറത്തു വരുന്നത്. 2024ല്‍ ഇലക്ട്രിക് വാഹന നിര്‍മാണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഷവോമി വ്യക്തമാക്കിയിരുന്നു.

വിവേയും ഇലക്ട്രിക് കാറുകളുടെ നിര്‍മാണം നടത്തുമെന്ന് സൂചന നല്‍കിയിട്ടുണ്ടെങ്കിലും കൃത്യമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, ഡ്രൈവറില്ലാതെ ഓടാന്‍ സാധിക്കുന്ന കാറുകളാണ് ആപ്പിളിന്റെ ലക്ഷ്യമെന്നാണ് വിവരം. ആപ്പിള്‍ കാറിന്റെ മാതൃകകള്‍ മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. 2025 ഓടെ ആപ്പിളിന്റെ ഡ്രൈവര്‍ലെസ് കാറുകള്‍ എത്തിയേക്കും.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.