'മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി വേണം': തമിഴ്‌നാട് സുപ്രീം കോടതിയില്‍

'മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി വേണം': തമിഴ്‌നാട് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു. മരം മുറിക്കുന്നതിന് നല്‍കിയ അനുമതി കേരളം റദ്ദാക്കിയത് കോടതിയലക്ഷ്യമാണെന്ന് തമിഴ്നാട് ഹര്‍ജിയില്‍ പറയുന്നു. വള്ളക്കടവ് - മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്ന് കേരളത്തിനു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ബേബി ഡാം ബലപ്പെടുത്തുന്നതിനു സൗകര്യമൊരുക്കാന്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയ കേരളത്തിന്റെ നടപടി വിവാദമായിരുന്നു.

രാഷ്ട്രീയ വിവാദം ഉയര്‍ന്നതോടെ കേരളം അനുമതി റദ്ദാക്കി. ഈ സാഹചര്യത്തിലാണ് തമിഴ്നാട് കോടതിയെ സമീപിച്ചത്. മരം മുറിക്കുന്നതിന് കേരളം നല്‍കിയ അനുമതി പുനസ്ഥാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കുന്നത് കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമെന്നു കണ്ട് മന്ത്രിസഭാ യോഗമാണ് അനുമതി റദ്ദാക്കാന്‍ തീരുമാനമെടുത്തത്. നിര്‍ണായക വിഷയം ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയതെന്നും മന്ത്രിസഭ വിലയിരുത്തി. ഉത്തരവ് കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധമെന്നും യോഗം നിലപാടെടുത്തു.

ബേബി ഡാം ബലപ്പെടുത്താന്‍ പരിസരത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് റദ്ദാക്കാന്‍ തീരുമാനിച്ചത്.

ഉത്തരവിറക്കിയതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചപ്പോഴാണ് അനുമതിയുടെ വിവരം പുറത്തറിഞ്ഞത്.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.