സിനഡ് ഓണ്‍ സിനഡാലിറ്റി: സിറോ മലബാര്‍ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി

സിനഡ് ഓണ്‍ സിനഡാലിറ്റി: സിറോ മലബാര്‍ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി

ഡബ്ലിന്‍: ആഗോള കത്തോലിക്കാ സഭയുടെ 2021 - 2023 വര്‍ഷങ്ങളില്‍ നടക്കുന്ന വത്തിക്കാന്‍ സിനഡിന്റെ സിറോ മലബാര്‍ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഡബ്ലിനിന്‍ സിറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു.

സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും' (For a Synodal Church: Communion, Participation, and Mission) എന്നതാണ് ഈ സിനഡിന്റെ പ്രമേയം. എല്ലാ വൈദികരെയും സമര്‍പ്പിതരെയും എല്ലാ വിശ്വാസികളെയും ഇതര ക്രൈസ്തവ വിശ്വാസികളെയും മറ്റ് മത വിശ്വാസികളെയും കേള്‍ക്കാനും അതിലൂടെ ദൈവസ്വരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുമാണ് പോപ്പ് ഫ്രാന്‍സിസിന്റെ ആഹ്വാനം.

സിനഡിന്റെ പ്രമേയമായ കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും കുടുംബങ്ങളില്‍നിന്ന് ആരംഭിക്കണമെന്ന് ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ആഹ്വാനം ചെയ്തു. കുടുബാംഗങ്ങള്‍ പരസ്പരം ശ്രവിക്കാന്‍ തയ്യാറായാല്‍ ഒരുമയോടെ മുന്നേറാന്‍ സാധിക്കും. സിനഡല്‍ ചര്‍ച്ച് എന്നത് നിത്യജീവനിലേക്കൂള്ള ഒരുമിച്ചുള്ള യാത്രയായതിനാല്‍ ഒപ്പം നില്‍ക്കുന്നവരെയും എതിര്‍സ്വരങ്ങളും ശ്രവിച്ചുവേണം സഭാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്-ബിഷപ്പ് പറഞ്ഞു.

താല ഫെറ്റര്‍കെയില്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷനില്‍ നടന്ന ചടങ്ങില്‍ സിറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട്, സഭായോഗം, സോണല്‍ കമ്മറ്റി ഭാരവാഹികള്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍, കാറ്റിക്കിസം കുട്ടികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മറ്റ് രാജ്യങ്ങളിലെ വിശ്വാസികള്‍ക്കായി ചടങ്ങുകളുടെ ഓണ്‍ലൈന്‍ സംപ്രേക്ഷണം ഒരുക്കിയിരുന്നു. സിനഡിനോടനുബന്ധിച്ച് വിപുലമായ പ്രവര്‍ത്തനങ്ങളാണ് സിറോ മലബാര്‍ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള ചെറുപുഷ്പം മിഷ്യന്‍ ലീഗിന്റെയും തിരുബാല സഖ്യത്തിന്റെയും ഡബ്ലിന്‍ സോണല്‍ തല ഉദ്ഘാടനവും നടന്നു.

ഒക്ടോബര്‍ 10ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിലേക്ക് സഭ ഔദ്യോഗികമായി പ്രവേശിച്ചത്. രൂപതാതലം, ദേശീയതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നീ ഘട്ടങ്ങളിലൂടെ മുന്നേറുന്ന സിനഡിന്റെ രൂപതാതല സിനഡ് സമ്മേളനങ്ങള്‍ 2021 ഒക്ടോബര്‍ 17 മുതല്‍ 2022 ഏപ്രില്‍ വരെ നടക്കും.

രൂപതാതലത്തില്‍നിന്ന് ഉരുത്തിരിയുന്ന പ്രവര്‍ത്തനരേഖയുമായി നാഷണല്‍ തല സമ്മേളനം നടക്കും. 2022 സെപ്റ്റംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡ് സമ്മേളിക്കും. 2023 ഒക്ടോബറില്‍ വത്തിക്കാനില്‍ ആഗോളതല സിനഡ് സമ്മേളിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.