രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുന്നു; അനുമതി കോവിഡ് നിയന്ത്രിത രാജ്യങ്ങളിലേക്ക്

രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുന്നു; അനുമതി കോവിഡ് നിയന്ത്രിത രാജ്യങ്ങളിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഡിസംബര്‍ 15 മുതല്‍ സര്‍വ്വീസുകള്‍ സാധാരണ നിലയില്‍ ആകുമെന്നാണ് സൂചന. കോവിഡ് നിയന്ത്രിതമായ രാജ്യങ്ങളിലേക്ക് മാത്രമേ സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നിയന്ത്രണം നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

ഈ വര്‍ഷം അവസാനത്തോടെ രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. കോവിഡ് വ്യാപകം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍വീസുകള്‍ക്ക് ഈ മാസം 30 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതേസമയം കോവിഡ് കേസുകള്‍ വീണ്ടും തലപൊക്കിയ 14 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിലവിലുള്ള എയര്‍ ബബിള്‍ കരാര്‍ പ്രകാരം തുടര്‍ന്നേക്കും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും, പുതിയ കോവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയവയാണ് നിയന്ത്രണങ്ങള്‍ ബാധകമായി തുടരുന്ന വിമാനസര്‍വീസുകളുടെ പട്ടികയിലുള്ളത്. വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തിലുള്ള വിമാനങ്ങള്‍, വിദേശ ചരക്കു വിമാനങ്ങള്‍, വന്ദേ ഭാരത് സര്‍വീസുകള്‍, പ്രത്യേകാനുമതിയുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന ദിവസങ്ങളില്‍, വണ്‍-വേ ടിക്കറ്റിന് പ്രീ-പാന്‍ഡെമിക് റിട്ടേണ്‍ നിരക്കുകളേക്കാള്‍ കൂടുതലാണ്. അതുപോലെ തന്നെ ക്രിസ്മസ്-പുതുവര്‍ഷത്തിനുള്ള അന്താരാഷ്ട്ര നിരക്കുകള്‍ വളരെ ഉയര്‍ന്നതാണ്. ഇന്ത്യന്‍ വാക്സിനുകളും സര്‍ട്ടിഫിക്കേഷനും പരസ്പരം അംഗീകരിക്കുന്ന, കോവിഡ് നിയന്ത്രണത്തിലുള്ള രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ തുറക്കാന്‍ ടൂറിസം വ്യവസായവും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡിജിസിയുടെ അനുമതിയോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും പഴയ നിലയിലേക്ക് എത്തിയിരുന്നില്ല. രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറുണ്ടാക്കി അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയര്‍ ബബിള്‍ കരാറുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.