തെറ്റു മറയ്ക്കാന്‍ ചെന്നുപെട്ടത് ചതിക്കുഴിയില്‍; അവസാനം ജീവിതത്തോട് 'ബൈ' പറഞ്ഞ് ഫാത്തിമ

തെറ്റു മറയ്ക്കാന്‍ ചെന്നുപെട്ടത് ചതിക്കുഴിയില്‍; അവസാനം ജീവിതത്തോട് 'ബൈ' പറഞ്ഞ് ഫാത്തിമ

ഇത് ഫാത്തിമ എന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം അനുഭവമല്ല. ഇത്തരത്തില്‍ ഇളം പ്രായത്തില്‍ തന്നെ നഷ്ട സ്വപ്‌നങ്ങളുടെ ദുഖ ഭാണ്ഡങ്ങള്‍ പേറി ജീവിക്കുന്നവരും ജീവിതം അവസാനിപ്പിച്ചവരുമായ ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയാണിവള്‍. ഇപ്രകാരം കലാലയങ്ങളിലെ പ്രണയാഭിനിവേശങ്ങളില്‍ പെട്ട് 'ക്യാമ്പസിലെ അമ്മ'മാരായി മാറിയ നിരവധി പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്.

ലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന തറവാടാണ് ഫാത്തിമയുടേത്. പിതാവിന് നാട്ടിലും ഗള്‍ഫിലും ബിസിനസുണ്ട്. നല്ല സാമ്പത്തിക ശേഷിയുള്ള, സമൂഹത്തില്‍ നിലയും വിലയുമുള്ള കുടുംബം. ആറ് മക്കളില്‍ നാലാമത്തവളാണ് ഫാത്തിമ. മൂത്ത സഹോദരിയെ വിവാഹം ചെയ്തയച്ചു. രണ്ട് ജ്യേഷ്ഠന്‍മാര്‍ നാട്ടിലും വിദേശത്തുമായി പിതാവിനെ ബിസിനസില്‍ സഹായിക്കുന്നു. ഒരാളുടെ വിവാഹം കഴിഞ്ഞു. ഫാത്തിമയുടെ ഇളയവരായി ഒരു സഹോദരനും സഹോദരിയുമുണ്ട്.

വീട്ടില്‍ നിന്ന് പോയി വരാവുന്ന ദൂരത്തില്‍ റഗുലര്‍ കോളജുണ്ടെങ്കിലും ഫാത്തിമ ഡിഗ്രി പഠിക്കാന്‍ പോയത് ബംഗളുരുവിലാണ്. അവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠനം. കോളജിലെത്തി അധികം വൈകാതെ സീനിയര്‍ വിദ്യാര്‍ഥിയും കണ്ണൂരുകാരനുമായ യുവാവിനെ ഫാത്തിമ പരിചയപ്പെട്ടു. പിന്നീട് ഇടവേളകളില്‍ അവര്‍ തമ്മില്‍ കാണുന്നത് പതിവായി.

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍ അവിടെ അനുരാഗം മൊട്ടിട്ടു. ക്ലാസ് മുറികളിലെ വിരസതകളില്‍ നിന്ന് ഒഴിഞ്ഞു മാറിയ അവര്‍ ക്യാമ്പസിലെ തിരക്കൊഴിഞ്ഞ കോണുകളില്‍ പ്രണയത്തിന്റെ പുതുവസന്തം തീര്‍ത്തു.

അങ്ങനെ ക്യാമ്പസില്‍ തുടങ്ങിയ പ്രണയം സാധാരണ സംഭവിക്കുന്നതു പോലെ ഐസ്‌ക്രീം പാര്‍ലറുകളിലും ഹോട്ടലുകളിലുമെത്തി. ആവശ്യത്തിനു പണം മുടക്കം കൂടാതെ അക്കൗണ്ടില്‍ എത്തിക്കൊണ്ടിരുന്നു. അന്യസംസ്ഥാനമായതിനാല്‍ കാണാനും ചോദിക്കാനും ആരുമില്ല. പോരാത്തതിന് എടിഎമ്മും(അറ്റ് എനി ടൈം മണി). പിന്നെന്തു വേണം.

വൈകാതെ ക്യാമ്പസിനു വെളിയിലേക്ക് പടര്‍ന്ന പ്രണയം സദാചാരത്തിന്റെ സകലസീമകളും ലംഘിച്ചു. ഇരുവര്‍ക്കും യാതൊരു കുറ്റബോധവും തോന്നിയില്ല. തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. അതിലൊന്ന് അവളുടെ ഉദരത്തില്‍ പുതിയൊരു ജീവന്റെ തുടിപ്പായി മാറി.

സംഭവം കാമുകനോട് പറഞ്ഞപ്പോള്‍ ഇരുവരും ആശയക്കുഴപ്പത്തിലായി. അധികമാരുമറിയാതെ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. രണ്ട് ആത്മസുഹൃത്തുക്കളുടെ സഹായത്തോടെ ഫാത്തിമ ബംഗളുരുവിലെ ഒരു സ്വകാര്യ ക്ലീനിക്കിലെത്തി. അവിടെ അവളെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു.

കാഴ്ചയ്ക്ക് അതിസുന്ദരിയായിരുന്ന അവളില്‍ ഡോക്ടര്‍ നോട്ടമിട്ടു. രഹസ്യമായി ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കണമെങ്കില്‍ തനിക്കും വഴങ്ങിത്തരണമെന്ന് ഡിമാന്റു വച്ചു. അല്ലെങ്കില്‍ സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചെകുത്താനും കടലിനും നടുവിലായിപ്പോയ ഫാത്തിമ മറ്റു മാര്‍ഗമില്ലാതെ ഡോക്ടറുടെ ആഗ്രഹത്തിന് വഴങ്ങിയാണെങ്കിലും കാര്യം സാധിച്ചു. ഇതോടെ മാനസികമായി തകര്‍ന്നു പോയ അവള്‍ കോളജിലും ഹോസ്റ്റലിലും ഏകാന്തതയില്‍ അഭയം പ്രാപിച്ചു. അവളില്‍ പെട്ടന്നുണ്ടായ മാറ്റം സഹപാഠികള്‍ ശ്രദ്ധിച്ചെങ്കിലും അവര്‍ക്ക് കാര്യം പിടികിട്ടിയില്ല.

വാര്‍ഷിക പരീക്ഷയ്ക്ക് മുന്നോടിയായി കോളജ് അടച്ചപ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാതെ അവള്‍ ഹോസ്റ്റല്‍ മുറിയില്‍ ഒതുങ്ങിക്കൂടി. തികട്ടി വരുന്ന ദുരന്ത സ്മരണകള്‍ ഉറക്കം പോലും ഇല്ലാതാക്കി. ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ ഒരു ദിവസം അവള്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. പിറ്റേന്നു തന്നെ വീട്ടിലെത്തിയ ഫാത്തിമ ആരോടും അധികം വിശേഷങ്ങള്‍ പറയാതെ മാറി നടന്നു.

മകളുടെ പ്രകൃതത്തില്‍ വന്ന മാറ്റം അമ്മ ശ്രദ്ധിച്ചു. വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന, പ്രസരിപ്പോടെ ഓടി നടന്നിരുന്ന മകള്‍ ഏകാന്തതയുടെയും മൗനത്തിന്റെയും ചിറകിലൊളിക്കുന്നത് അമ്മയെ അസ്വസ്ഥയാക്കി. എന്തു പറ്റിയെന്ന തുടരെയുള്ള ചോദ്യങ്ങളില്‍ നിന്ന് ആദ്യമൊക്കെ ഒഴിഞ്ഞു മാറിയ അവള്‍ പിന്നീട് ക്ഷുഭിതയായി പ്രതികരിച്ചു. ഇതോടെ മാതാവ് അന്വേഷണം നിര്‍ത്തി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് പിതാവ് അവധിക്കെത്തി.

തന്റെ ഉപ്പയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഫാത്തിമ ആദ്യമൊക്കെ അദ്ദേഹത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയെങ്കിലും ഇടനെഞ്ച് പൊട്ടുമെന്ന് തോന്നിയപ്പോള്‍ പിന്നിട് അവള്‍ക്കെല്ലാം തുറന്നു പറയേണ്ടതായി വന്നു. മകള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ മനസു മരവിച്ച മാതാപിതാക്കള്‍ അതൊന്നും പുറത്തു കാണിക്കാതെ അവളെ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ മാനക്കേട് പുറത്താരും അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.


പഠനം പാടേ പാളിപ്പോയതോടെ ഫാത്തിമയുടെ ഭാവി ഇരുളടയുന്നതായി തോന്നിയ മാതാപിതാക്കള്‍ മകളുടെ കാമുകനെക്കൊണ്ടു തന്നെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ഫാത്തിമയ്ക്കും സമ്മതമായിരുന്നെങ്കിലും കാമുകന്‍ കാലുമാറി. ഇതോടെ അവള്‍ക്ക് വേറെ വിവാഹാലോചനകള്‍ തുടങ്ങി.

മറ്റൊരു വിവാഹം തുടക്കം മുതല്‍ ഫാത്തിമ എതിര്‍ത്തെങ്കിലും സമൂഹത്തില്‍ കുടുംബത്തിന്റെ അന്തസ് നഷ്ടപ്പെടരുതെന്ന മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു മുന്നില്‍ അവള്‍ക്ക് ഉത്തരം മുട്ടി. വിവാഹം കഴിഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ മകളുടെ മാനസികാവസ്ഥ മാറുമെന്ന് അവര്‍ കരുതി.

ഫാത്തിമയുടെ സൗന്ദര്യത്തിലും ആവശ്യത്തിലധികമുള്ള സമ്പത്തിന്റെ പിന്‍ബലത്തിലും വിവാഹാലോചനകള്‍ നിരവധി വന്നു. അവസാനം കോഴിക്കോടുള്ള നല്ലൊരു ബിസിനസ് കുടുംബത്തിലെ ചെറുപ്പക്കാരനുമായി ആര്‍ഭാടപൂര്‍വ്വം വിവാഹം നടത്തി.

പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കടന്നതോടെ കുറ്റബോധം അവളെ വല്ലാതെ വേട്ടയാടാന്‍ തുടങ്ങി. സ്‌നേഹസമ്പന്നനായ ഭര്‍ത്താവിനെ താന്‍ അറിഞ്ഞുകൊണ്ട് വഞ്ചിക്കുകയാണല്ലോ എന്ന ചിന്ത ശാപം പോലെ അവളെ പിന്തുടര്‍ന്നു.

ദാമ്പത്യത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമൊക്കെ ഭര്‍ത്താവ് പറയുമ്പോള്‍ കോളജിലെ അവിഹിത ഗര്‍ഭവും ഗര്‍ഭഛിദ്രവും ഡോക്ടറുടെ ചതിയില്‍പ്പെട്ടതും ഒക്കെയായിരുന്നു ഫാത്തിമയുടെ മനസില്‍. നടുക്കുന്ന കലാലയ ഒര്‍മ്മകളും വര്‍ത്തമാന ജീവിത യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ മനസില്‍ നിരന്തരമുണ്ടായ ഏറ്റുമുട്ടല്‍ ഓരോ ദിവസം കഴിയും തോറും അവളെ ഉലച്ചുകൊണ്ടിരുന്നു.

അങ്ങനെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഇരുപതുകാരിയായ ഫാത്തിമ മോചനം നേടി... ഭര്‍ത്താവ് ബിസിനസ് ആവശ്യത്തിനായി പുറത്തു പോയ സമയം സ്വന്തം മുറിയില്‍ ഫാനില്‍ തൂങ്ങി അവള്‍ ജീവിതം അവസാനിപ്പിച്ചു.

ഇത് ഫാത്തിമ എന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം അനുഭവമല്ല. ഇത്തരത്തില്‍ ഇളം പ്രായത്തില്‍ തന്നെ നഷ്ട സ്വപ്‌നങ്ങളുടെ ദുഖ ഭാണ്ഡങ്ങള്‍ പേറി ജീവിക്കുന്നവരും ജീവിതം അവസാനിപ്പിച്ചവരുമായ ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയാണിവള്‍. ഇപ്രകാരം കലാലയങ്ങളിലെ പ്രണയാഭിനിവേശങ്ങളില്‍ പെട്ട് 'ക്യാമ്പസിലെ അമ്മ'മാരായി മാറിയ നിരവധി പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്.

ഫാത്തിമ ഗര്‍ഭഛിദ്രത്തിനായി ചെന്നത് അബോര്‍ഷന്‍ നടത്താന്‍ അംഗീകാരമില്ലാത്ത ഒരു സ്വകാര്യ ക്ലീനിക്കിലായിരുന്നു. ചില വിരുതന്‍മാരായ ഡോക്ടര്‍മാരാണ് ഇത്തരം സംരംഭങ്ങള്‍ക്കു പിന്നില്‍. അവിഹിതമായി ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികളാണ് ഇവരുടെ മുഖ്യ ഇരകള്‍. ലക്ഷ്യം രണ്ടാണ്... അബദ്ധത്തില്‍ പെട്ട് നിസഹായതയോടെ മുന്നില്‍ വന്നു നില്‍ക്കുന്ന ഇരയെ ശാരീരികമായി ഉപയോഗിക്കുക. അതിനു ശേഷം ഗര്‍ഭഛിദ്രം നടത്തി കിട്ടുന്ന തുക വാങ്ങി പോക്കറ്റിലിടുക.

ഫാത്തിമയെപ്പോലെ ക്യാമ്പസില്‍ നിന്നെത്തുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ വളരെ പെട്ടന്ന് വരുതിയിലാക്കുന്നത്. എങ്ങനെയെങ്കിലും മാനം രക്ഷിക്കണമെന്ന അപേക്ഷയുമായെത്തുന്ന പെണ്‍കുട്ടികളോട് വളരെ വലിയ തുക ആവശ്യപ്പെടും. വിദ്യാര്‍ഥിനികളായ പലരുടെയും കൈയ്യില്‍ അത്രയും തുക കൊടുക്കാനുണ്ടാവില്ല. അപ്പോള്‍ തങ്ങളുടെ 'ഹിഡന്‍ അജണ്ട' പ്രഖ്യാപിക്കും. അങ്ങനെ വഴങ്ങിയാല്‍ ചെറിയ തുകയ്ക്ക് കാര്യം നടത്തി തരാമെന്ന ഒത്തു തീര്‍പ്പ് നിര്‍ദേശത്തില്‍ ഒരുമാതിരിപ്പെട്ട പെണ്‍കുട്ടികളെല്ലാം വീണു പോവുകയാണ് പതിവ്.

ഇതുവരെ നാം കണ്ടത് ഗര്‍ഭഛിദ്രമെന്ന സാമൂഹ്യ തിന്മയും അതിലേക്ക് നയിച്ച വിവിധങ്ങളായ കാരണങ്ങളും അതേ തുടര്‍ന്നുണ്ടായ ദുരന്തങ്ങളുമാണ്. എന്നാല്‍ എത്ര പ്രതിസന്ധികളുണ്ടായാലും ഉദരത്തില്‍ ഉരുവായ ജീവന്റെ പുതു നാമ്പിനെ നശിപ്പിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുന്ന സ്ത്രീകളും സമൂഹത്തിലുണ്ട്. അവര്‍ നമുക്ക് പകര്‍ന്നു നല്‍കുന്നത് ജീവന്റെ മഹത്തരമായ സന്ദേശമാണ്.... അവരെപ്പറ്റി നാളെ.

ഈ ലേഖന പരമ്പരയുടെ മുന്‍ അധ്യായങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.