മുന്‍നിര ടെക് കമ്പനിയായ ഹുവാവെ പുതിയ സ്മാര്‍ട് ഹെല്‍മെറ്റ് പുറത്തിറക്കി. ബ്ലൂടൂത്ത് കോളിങ്, വോയ്സ് കമാന്‍ഡുകള്‍ തുടങ്ങി ഒട്ടനവധി ഫീച്ചറുകളോടെയാണ് കമ്പനി സ്മാര്‍ട് ഹെല്‍മെറ്റ് അവതരിപ്പിച്ചത്. ഹുവാവെയുടെ തന്നെ ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണി ഒഎസിലാണ് 'ഹെല്‍മറ്റ്ഫോണ്‍ ബിഎച്ച്51എം നിയോ' എന്നു പേരിട്ടിരിക്കുന്ന ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഇത് ഹുവാവെ വിമാള്‍ വഴിയായിരിക്കും വിതരണം ചെയ്യുക. 799 യുവാന്‍ (ഏകദേശം 9000 രൂപ) ആണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. ഈ ഹെല്‍മെറ്റ് ഹാര്‍മണി ഒഎസ് കണക്‌ട് ഇക്കോസിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്നതാണ്. ഈ ഒഎസ് വഴി ഹെല്‍മെറ്റിനെ സ്മാര്‍ട് ഫോണുമായി ബന്ധിപ്പിക്കാം. ഇതുവഴി ബ്ലൂടൂത്ത് വോയ്സ് കോളിങ് സാധ്യമാകും. അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനു പുറമെ മറ്റ് നിരവധി സഹായങ്ങളും ഈ ഹെല്‍മെറ്റില്‍ ഉപയോക്താവിന് ലഭിക്കും. ഹെല്‍മെറ്റിന്റെ മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റുകളുണ്ട്.
15 കോടിയിലധികം ഉപകരണങ്ങള്‍ ഇപ്പോള്‍ ഹാര്‍മണി ഒഎസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹുവാവെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ഇപ്പോഴുള്ളതില്‍ വെച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന ഒഎസ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനോട് കിടപിടിക്കാന്‍ ഹുവാവെ അവതരിപ്പിച്ച അവരുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമാണ് ഹാര്‍മണി ഒഎസ്.
ചൈനയില്‍ ഹൊങ്‌മെങ് ഒഎസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. സ്മാര്‍ട് ഫോണുകള്‍ക്കു പുറമേ സ്മാര്‍ട് ടിവി, സ്മാര്‍ട് കാര്‍ എന്നിവയിലും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) ശൃംഖലയിലുള്ള ഉപകരണങ്ങളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണിത്. മൈക്രോകെനല്‍ അധിഷ്ഠിത ഒഎസ് ആയതിനാല്‍ ഇത് എല്ലാ ഉപകരണങ്ങളിലും ഒരുപോലെ പ്രവര്‍ത്തിക്കും. അതായത് ഫോണിനും ടിവിക്കും സ്മാര്‍ട്‌വാച്ചിനുമായി പ്രത്യേകം ഒഎസ് പതിപ്പുകള്‍ ആവശ്യമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.