വിശ്വാസ സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സ്റ്റീഫനും സഹ വിശുദ്ധരും

വിശ്വാസ സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സ്റ്റീഫനും സഹ വിശുദ്ധരും

അനുദിന വിശുദ്ധര്‍ - നവംബര്‍ 28

കോണ്‍സ്റ്റാന്റിനോപ്പിളില്‍ 714 ല്‍ ജനിച്ച സ്റ്റീഫന്‍ മാതാപിതാക്കളുടെ ഉത്തമ ശിക്ഷണത്തിലാണ് വളര്‍ന്നു വന്നത്. ചാള്‍സിഡോണിനു സമീപമുള്ള വിശുദ്ധ ഓക്‌സെന്റിയൂസിന്റെ ആശ്രമത്തിലാണ് സ്റ്റീഫന്‍ 15 വയസു മുതല്‍ താമസിച്ചു പോന്നത്. പിതാവ് മരണപ്പെട്ടപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോയി തന്റെ ഓഹരി വിറ്റ് ദരിദ്രര്‍ക്ക് കൊടുത്ത ശേഷം തിരിച്ചു വന്നു.

മുപ്പതാം വയസില്‍ താന്‍ പഠിച്ചിരുന്ന ആശ്രമത്തില്‍ അദ്ദേഹം ആബട്ടായി. ഒരു മലയുടെ മുകളിലായിരുന്ന ആ ആശ്രമം. മലയിലെ ഒരു ഗുഹയിലായിരുന്നു സ്റ്റീഫന്‍ താമസിച്ചിരുന്നത്. ആട്ടിന്‍ തോലായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.

പിന്നീട് ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്റെ കീഴില്‍ മതപീഡനവും ക്രിസ്തീയ രൂപങ്ങള്‍ നശിപ്പിക്കുന്നതും പതിവായപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ദേവാലയങ്ങളില്‍ ആദരിച്ചു വരുന്ന മതപരമായ രൂപങ്ങളും മറ്റും സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്ന വ്യക്തിയായിരുന്നു സ്റ്റീഫന്‍.

ഇതേ തുടര്‍ന്ന് പ്രോക്കൊന്നെസൂസ് ദ്വീപിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 761 ല്‍ നിരോധിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ചക്രവര്‍ത്തി മുന്‍പാകെ ഹാജരാക്കുകയും ചോദ്യം ചെയ്യലിനു വിധേയമാക്കുകയും ചെയ്തു. സ്റ്റീഫന്‍ ഒരു നാണയമെടുത്ത് അതിലെ രാജകീയ മുദ്ര ചൂണ്ടിക്കാണിച്ച് ചക്രവര്‍ത്തിയോട് ചോദിച്ചു.

'ഇതിനെ അപമാനിക്കുന്നത് തെറ്റാണെങ്കില്‍ ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുകയും കത്തിച്ചു കളയുകയും ചെയ്യുന്ന അങ്ങ് എത്രയോ വലിയ ശിക്ഷാവിധിക്ക് അര്‍ഹനാണ്'. തുടര്‍ന്ന് അദ്ദേഹം ആ നാണയം നിലത്തെറിയുകയും അത് ചവിട്ടി നശിപ്പിക്കുകയും ചെയ്തു.

ഇതില്‍ കോപാകുലനായ കോണ്‍സ്റ്റന്റൈന്‍ സ്റ്റീഫനെ കാരാഗ്രഹത്തിലടക്കാന്‍ ഉത്തരവിട്ടു. ഏതാണ്ട് മുന്നൂറോളം സന്യസിമാര്‍ക്കൊപ്പം അദ്ദേഹം 11 മാസത്തോളം ആ തടവറയില്‍ കഴിഞ്ഞു. അവര്‍ ഒരുമിച്ച് ആശ്രമ ജീവിതത്തിനു സമാനമായ ഒരു ജീവിതമാണ് തടവറയില്‍ നയിച്ചിരുന്നത്.

ചക്രവര്‍ത്തിക്ക് അദ്ദേഹത്തെ വധിക്കുവാന്‍ മനസുണ്ടായിരുന്നില്ല. പക്ഷേ ഹെന്റി രണ്ടാമനെയും തോമസ് ബെക്കെറ്റിനെയും പോലെ സ്റ്റീഫന്‍ തന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് വഴി തന്റെ വധത്തിനായി അവരെ പ്രകോപിപ്പിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.

എസ്.എസ് ബേസില്‍, പീറ്റര്‍, ആന്‍ഡ്രൂ എന്നിവരുള്‍പ്പെടെ മുന്നൂറോളം സന്യാസിമാര്‍ക്കൊപ്പം 764 ല്‍ സ്റ്റീഫനും തന്റെ വിശ്വാസം സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമന്‍കാരായ റൂഫസ്

2. ബാങ്കോറിലെ ഹിയോണ്‍

3. ഫ്രാന്‍സിലെ ഹിപ്പൊളിത്തൂസ്

4. ആങ്കോണയിലെ ജെയിംസ് ജെല്ലാമാര്‍ക്കോ

5. ആഫ്രിക്കന്‍ ബിഷപ്പുമാരായ പപ്പീനിയാനൂസും മാന്‍സുവെത്തൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26