2021 ഡിസംബർ 2-ാം തിയതി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അതിന്റെ അൻപതാം പിറന്നാൾ ആഘോഷിക്കുകയാണ്. നിശ്ചയദാർഢ്യത്തിന്റേയും കഠിനാദ്ധ്വാനത്തിന്റേയും വർഷങ്ങൾ ഈ സുവർണ്ണ ജൂബിലിയെ മനോഹരമാക്കുന്നു. അസാധ്യമെന്ന വാക്ക് തങ്ങളുടെ നിഘണ്ടുവില്ലെന്ന പ്രഖ്യാപനത്തോടെ അസാധ്യങ്ങളെ സാധ്യമാക്കി കുതിച്ച കരുത്ത്. മരുഭൂമിയെ മനോഹര ഉദ്യാനമാക്കി തീർത്ത ദീർഘവീക്ഷണമുള്ള നേതാക്കൾ. മണൽക്കാടുകളിൽ നിന്നു മനോഹാരിതയിലേക്കുള്ള ചുവടുകൾ അർപ്പണബോധത്തിന്റെ വിജയമായിരുന്നു. രാജ്യമിപ്പോൾ തനി തങ്കത്തിൻ തെളിമയിൽ ദേശീയ ദിനാചരണത്തിനു തയ്യാറെടുക്കുന്നു.
ഏഴു സ്വതന്ത്ര എമിറേറ്റുകളുടെ ഫെഡറേഷനാണു യുഎഇ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഐക്യ അറബ് എമിറേറ്റുകൾ. 1971 ഡിസംബർ 2 നു ആറു എമിറേറ്റുകൾ ചേർത്തു സ്വതന്ത്ര ഫെഡറേഷൻ രൂപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷന്റെ ഭാഗമായി. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ, ഉം അൽ കുവൈൻ , റാസ് അൽ ഖൈമ എന്നിവയാണു ഏഴ് എമിറേറ്റുകൾ. രാജ്യ തലസ്ഥാനം അബുദാബിയും വാണിജ്യ തലസ്ഥാനം ദുബായുമാണ്. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റേയും രാഷ്ട്ര ശില്പി ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റേയും നേതൃത്വത്തിൽ 1971 ഡിസംബർ 2 നു ജുമൈറയിലെ യൂണിയൻ ഹൗസിലായിരുന്നു ആ ചരിത്ര മുഹൂർത്തം പിറവിയെടുത്തത്.
രാജ്യം പിന്നീടു സാക്ഷ്യം വഹിച്ചതു വളർച്ചയുടെ അവിസ്മരണീയ മുഹൂർത്തങ്ങളേയാണ്. ഊണും ഉറക്കവും വെടിഞ്ഞു ഭരണാധികാരികൾ മുന്നിട്ടിറങ്ങിയപ്പോൾ മൊട്ടിട്ടതു ഒരു രാജ്യത്തിന്റെ സുന്ദരസ്വപ്നങ്ങളാണ്. തുടർന്നങ്ങോട്ടു നാം കണ്ടതു കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയ ദാർഢ്യത്തിലൂടെയും കൈവരിച്ച സ്ഥിരതയാർന്ന സന്തോഷദിനങ്ങളാണ്. ഓരോ വത്സരങ്ങൾ കൊഴിയുമ്പോഴും രാജ്യം ഭരണാധികാരികളുടെ സ്വപ്നങ്ങളുടേയും ദർശനങ്ങളുടേയും ചിറകിൽ ഉയർന്നു കൊണ്ടേയിരുന്നു. യുഎഇ യുടെ ചതുർ വർണ്ണ പതാക പുഞ്ചിരി തൂകി പ്രശോഭിച്ചു കൊണ്ടേയിരുന്നു.
അഞ്ച് ദശാബ്ദവും പ്രത്യേക പദ്ധതികളുമായി കൃത്യമായ ആസൂത്രണത്തിലൂടെ കുതിച്ചു ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുന്നു രാജ്യം. ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന, എത്തിച്ചേരാൻ കൊതിക്കുന്ന നാടായി മാറിയതിന്റെ നിറവിലാണു രാജ്യം 50-ാം ജന്മദിനം ആഘോഷിക്കുന്നത് എന്ന വസ്തുത സന്തോഷത്തിന്റെ മാധുര്യം ഇരട്ടിയാക്കുന്നതാണ്. വികസനം, വ്യവസായം, വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെല്ലാം തനതു ശൈലി പതിപ്പിച്ചു മുന്നേറിയ രാജ്യത്തിന്റെ വളർച്ച ആരേയും അതിശയിപ്പിക്കുന്നതാണ്. സമസ്ത മേഖലകളിലും ഒന്നാമതെത്താൻ രാജ്യവും ഭരണാധികാരികളും കാട്ടിയ അശ്രാന്ത പരിശ്രമങ്ങൾ ശ്ലാഘനീയമാണ്.
പ്രതിസന്ധികളോടു പൊരുതി അവസരങ്ങൾ മെനഞ്ഞു വീഴ്ചകളെ വിജയമാക്കിയ നാട്. സുരക്ഷയുടെ കാര്യത്തിൽ രാജ്യം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സ്വാതന്ത്ര്യത്തോടെ ആർക്കും ഏതു സമയത്തും സുരക്ഷിതമായി വിഹരിക്കാമെന്നതു ലോക പൗരന്മാരെ ഇവിടേക്കാകർഷിച്ച പ്രധാന ഘടകമാണ്. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ദുബായിയുടെ സ്ഥാനം ഏറ്റവും മുകളിലാണ് എന്ന് ഈയിടെ പുറത്ത് വന്ന സർവേ തെളിയിക്കുന്നു.
ഏറ്റവും വലിയ കെട്ടിടം, ഏറ്റവും വലിയ മാളുകൾ, ഏറ്റവും വലിയ ഉദ്യാനം, അംബരചുംബികളായ കെട്ടിടങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന നിർമ്മിതികൾ, ഫ്ലോട്ടിംഗ് പാലങ്ങൾ, സുരക്ഷിത നഗരം, ഏറ്റവും വലിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ, വലിയ പാർക്കുകൾ, ഏറ്റവും വലിയ ആഡംബര ഹോട്ടലുകൾ, ഗ്ലോബൽ വില്ലേജ്, ഏറ്റവും വലിയ പുസ്തകമേള, അടിസ്ഥാന സൗകര്യ വികസനങ്ങളിലെ ദൃശ്യഭംഗി എന്നിവയെല്ലാം ഈ രാജ്യത്തെ വ്യത്യസ്തമാക്കി മാറ്റി. ലോകത്തിലെ ഏറ്റവും പ്രധാന ബിസിനസ്സ് ഹബായി ദുബായ് വളർന്നു. ലോകമിന്നു വ്യവസായങ്ങൾക്കും ജോലിക്കും ഒഴിവ് സന്ദർശനത്തിനുമായി ദുബായിലെത്താൻ കൊതിക്കുന്നു.
കോവിഡ് മഹാമാരിയുടെ കാലയളവിലും ധീരതയോടെ, പതറാതെ പൊരുതി "എക്സ്പോ 2020" യാഥാർത്ഥ്യമാക്കി മാറ്റി. തമസക്കാർക്കെല്ലാവർക്കും ഏറ്റവും വേഗത്തിൽ സൗജന്യമായി വാക്സിൻ നല്കിയും യുഎഇ മാതൃക കാണിച്ചു. ലോകരാഷ്ട്രങ്ങളെ ഒരു കുടക്കീഴിലെത്തിച്ചു യുഎഇ ഒരുക്കിയ വിസ്മയക്കാഴ്ചയായ "എക്സ്പോ 2020" ലോകത്തിലെ വലിയ പ്രദർശനമായി മാറി. ലോകസഞ്ചാരികളെല്ലാം കോവിഡിന്റെ പ്രതിബന്ധങ്ങൾ മറികടന്നു ദുബായിലെത്തി എക്സ്പോയിൽ പങ്കെടുക്കുന്നു. സുവർണ്ണജൂബിലി വർഷം യുഎഇ ലോകത്തിനു സമ്മാനിച്ച മനോഹര വിരുന്നായി "എക്സ്പോ 2020" മാറി. മുസ്ലീം രാജ്യമായ യുഎഇ മതസൗഹാർദ്ദത്തിന്റേയും സഹിഷ്ണുതയുടേയും ഉത്തമ ഉദാഹരണമാണ്. എല്ലാവരേയും ഉൾക്കൊള്ളുന്നതിൽ രാജ്യം കാട്ടിയ മികവ് ഭരണാധികാരികളുടെ ഹൃദയ വിശാലതയുടെ വലിപ്പം വ്യക്തമാക്കുന്നതാണ്. മലയാളികൾ എന്നും സ്വന്തം നാടിനൊപ്പം നെഞ്ചോടു ചേർത്തു ഈ നാടിനേയും. വിദ്യാഭ്യാസത്തിലും വികസനത്തിലും മലയാള മേന്മ ഉയർത്തുന്നതിൽ ഈ നാടിനോടുള്ള കടപ്പാട് വിസ്മരിക്കാനാവില്ല. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലെ മലയാളികളുടെ ഗൾഫ് കുടിയേറ്റം കേരളത്തിന്റെ വളർച്ചയുടെയും തലവര മാറ്റിവരച്ചു.
ലോകമിന്നു അസൂയയോടെ നോക്കുന്ന രാജ്യമായി വളർന്നു യുഎഇ. ലോകത്തിന്റെ പറുദീസയായി ഈ നാടു മാറി. ഇതു കഠിനാദ്ധ്വാനത്തിന്റെ വിജയമാണ്, ഇതു അർപ്പണ ബോധത്തിന്റേയും ധീരതയുടേയും വിജയമാണ്. ഇതു ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടേയും അവരോടൊപ്പം അണിചേർന്ന ജനതയുടേയും വിജയമാണ്. സ്വപ്ന ചിറകിൽ വികസനത്തിന്റേയും വളർച്ചയുടേയും പുതിയ ലോകം തേടി പറക്കുകയാണു യുഎഇ എന്ന വിസ്മയനാടും അതിന്റെ ചതുർവർണ്ണ പതാകയും.
പിറവിയുടെ സുവർണ്ണജൂബിലി ആഘോഷിക്കുന്ന രാജ്യത്തിനും ഭരണാധികാരികൾക്കും ജനങ്ങൾക്കും ആശംസകളും നന്മകളും നേരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.