നിയമവ്യവസ്ഥ പരിഷ്കരിച്ച് യുഎഇ

നിയമവ്യവസ്ഥ പരിഷ്കരിച്ച് യുഎഇ

അബുദബി: യുഎഇയുടെ നിയമവ്യവസ്ഥയിലെ പരിഷ്കരണത്തിന് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ അംഗീകാരം. രാജ്യം 50 വർഷം പൂർത്തിയാക്കിയ സാഹചര്യത്തില്‍ ഭാവിയിലേക്കുളള തത്വങ്ങള്‍ക്കും പദ്ധതികള്‍ക്കുമനുസരിച്ചാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുളളത്. രാജ്യത്തെ സാമ്പത്തിക- നിക്ഷേപ- വാണിജ്യ അവസരങ്ങള്‍‍ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മാറ്റങ്ങളെല്ലാം വരുത്തിയിട്ടുളളത്.

ഏറ്റവും പ്രധാനമാറ്റമായി വിലയിരുത്തുന്നത് ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ക്ക് കൈയ്യൊപ്പിന്‍റെ അതേ മൂല്യം നല്‍കുന്നുവെന്നുളളതാണ്. റിയല്‍ എസ്റ്റേറ്റ്, വാണിജ്യ ഇടപാടുകൾ ഉള്‍പ്പടെ പൂർത്തിയാക്കുന്നതിന് വ്യക്​തികൾ ഹാജരാകേണ്ട ആവശ്യം ഇതിലൂടെ ഒഴിവാകും.സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, വ്യാജ വാർത്തകൾ എന്നിവ തടയാൻ നിയമം ശക്തമാക്കും. അതോടൊപ്പം തന്നെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും സ്വകാര്യത സംരക്ഷിക്കാനും വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമവും പ്രാബല്യത്തിലാകും.

സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കി കുറ്റകൃത്യ ശിക്ഷാനിയമത്തിലും മാറ്റങ്ങള്‍ വരുത്തി. സ്ത്രീകള്‍ക്കും വീട്ടു ജോലിക്കാർക്കും മികച്ച സംരക്ഷണം ഉറപ്പാക്കും. വിവാഹേതര ബന്ധങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കില്ല. ബലാൽസംഗമുള്‍പ്പടെ സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനടക്കം ജീവപര്യന്തം ശിക്ഷ. വിധേയ ആക്കപ്പെടുന്നയാള്‍ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലുള്ള ആളോ, ഭിന്നശേഷിക്കാരോ ആണെങ്കിൽ വധശിക്ഷ വരെ ലഭിക്കും.
അപമര്യാദയായി പെരുമാറുന്നവർക്ക് തടവോ 10,000 ദിർഹത്തില്‍ കുറയാത്ത പിഴയോ ശിക്ഷ കിട്ടും. ഇത്തരത്തില്‍ സുപ്രധാനമായ മാറ്റങ്ങളാണ് യുഎഇയുടെ നിയമസംവിധാനത്തില്‍ നടപ്പില്‍ വരാന്‍ പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.