കൊച്ചി : സീറോ മലബാർ സഭയിൽ ഔദ്യോഗികമായി ഏകീകൃത കുർബാന അർപ്പണ രീതി ഇന്ന് മുതൽ നിലവിൽ വന്നു. ആരാധനക്രമ കലണ്ടർ അനുസരിച്ച് മംഗളവാർത്തക്കാലത്തോടുകൂടെയാണ് ആരാധനവത്സരം ആരംഭിക്കുന്നത്. സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് നവീകരിച്ച രീതിയിലുള്ള വിശുദ്ധ കുർബാനയുടെ ഉദ്ഘാടനം നടത്തി.
1999 -ൽ റോമിന്റെ അനുവാദത്തോടുകൂടി സീറോ മലബാർ സിനഡ് അംഗീകരിച്ച കുർബ്ബാന ക്രമം സീറോ മലബാർ സഭയിൽ പൂർണ്ണമായും നടപ്പിലാക്കാനായി 2021 ജൂലൈ മൂന്നാം തീയതി മാർപ്പാപ്പ ആഹ്വാനം ചെയ്തു. തദനുസരണം ആഗസ്റ്റ് മാസം 16 മുതൽ 27 വരെയുള്ള തീയതികളിൽ ചേർന്ന സീറോ മലബാർ സഭാ സിനഡ് ഏകീകൃത രീതി നവംബർ 28 മുതൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.
മുപ്പത്തിയഞ്ചോളം രൂപതകളിൽ മൂന്ന് രൂപതകളിൽ ഒഴികെ ബാക്കിയുള്ള എല്ലാ രൂപതകളും സിനഡ് നിർദ്ദേശം അനുസരിച്ച് ഏകീകൃത കുർബ്ബാന അർപ്പണം നടപ്പിലാക്കി. ഗൾഫ് നാടുകൾ ഉൾപ്പെടെയുള്ള പ്രവാസ നാടുകളിലും സിനഡ് തീരുമാനം പ്രയോഗികമാക്കി.
ഈ സിനഡ് തീരുമാനം നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലും ഫരീദാബാദ് മെത്രാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങരയും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടനും ഏകീകൃത കുർബ്ബാന അർപ്പണ രീതിയിൽ നിന്നും വിട്ടുനിന്നു എങ്കിലും സഭാ തലവന്റെ നിർദ്ദേശം അനുസരിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രസന്നപുരം ഇടവകയിലും ഇരിങ്ങാലക്കുടയിൽ കൊറ്റനെല്ലൂർ ഇടവകയിലും സിനഡ് കുർബ്ബാന അർപ്പിക്കപ്പെട്ടു. ഫരീദാബാദിലെ കത്തീഡ്രൽ ദൈവാലയത്തിൽ ഉൾപ്പടെ ഒട്ടുമിക്ക ഇടവക ദൈവാലയങ്ങളിലും സിനഡ് കുർബ്ബാനയാണ് ഇന്ന് അർപ്പിക്കപ്പെട്ടത്. സിനഡ് തീരുമാനത്തിൽ നിന്നും വിട്ടുനിന്ന ഇരിഞ്ഞാലക്കുട രൂപത ബിഷപ്പിന്റെ തീരുമാനത്തിനെതിരെ രൂപതാ ആസ്ഥാനത്തു വിശ്വാസികൾ പ്രതിഷേധിച്ചു.
സിനഡ് കുർബ്ബാന അർപ്പണ രീതിയോട് വളരെയധികം എതിർ സ്വരങ്ങൾ ഉയർന്ന അതിരൂപതയായിരുന്നു ത്രിശൂർ അതിരൂപത. എങ്കിലും സിനഡ് തീരുമാനത്തോട് ചേർന്ന് നിന്നുകൊണ്ട് മറ്റു രൂപതകൾക്കു മാതൃകയായി. ഏകീകൃത കുർബ്ബാനയർപ്പണം ഏറെ വെല്ലുവിളികൾ നിറഞ്ഞതും സഭാ വിശ്വാസികളെ ഏറെ അലോസരപ്പെടുത്തുന്നതും ആയിരുന്നു.ഐക്യത്തിനായി ഭിന്നിപ്പിന്റെ സ്വരങ്ങളെ ചേർത്തുനിറുത്തി ഏകീകരണത്തിന് നേതൃത്വം നല്കിയ സഭാതലവൻ മാർ ജോർജ് ആലഞ്ചേരിയും പ്രതിഷേധസ്വരങ്ങളെ ധീരമായി നേരിട്ട ത്രിശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ്സ് താഴത്തും വിശ്വാസികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
ഒറ്റപ്പെട്ടു നിൽക്കുന്ന ഏതാനും ചില രൂപതകളും സിനഡ് നൽകിയിരിക്കുന്ന കാലാവധിക്കുള്ളിൽ ഏകീകൃത കുർബ്ബാനയിലേക്ക് മാറുമെന്നാണ് സഭാ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.