തലശേരി: മയക്കുമരുന്ന് നിയമ ഭേദഗതി രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും മുക്തിശ്രീയും സംയുക്തമായി ഡിസംബര്‍ ഒന്നു മുതല്‍ ഇരുപത്തിയൊന്നുവരെ കണ്ണൂര്‍ ജില്ലയില്‍ നടത്തുന്ന പ്രതിഷേധ റാലികളുടേയും ബോധവല്‍ക്കരണ ടൗണ്‍ പരിപാടികളുടെയും ഭാഗമായി ചെമ്പേരിയില്‍ നടത്തിയ സമര വിളംബര ജാഥ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ പാംപ്ലാനി.
പൊതുവേ കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിക്കപ്പെടുന്നത് അത് വ്യക്തിക്കും പൊതുസമൂഹത്തിനും ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ ഗൗരവം കണക്കിലെടുത്താണ്. മയക്കുമരുന്ന് ഏതാനും മാസങ്ങളില്‍ തന്നെ സ്ഥിരമായി ഉപയോഗിച്ചാല്‍ മസ്തിഷ്‌ക്കനാശം ഉറപ്പാണെന്ന വൈദ്യശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഭരണവര്‍ഗം വസ്തുതകളുടെ ഗൗരവം ഉള്‍ക്കൊള്ളാതെ മിഠായി കീശയില്‍ സൂക്ഷിക്കുന്ന കുട്ടിയെപ്പോലെ മയക്കുമരുന്ന് കൈയ്യിലുള്ള യുവാവിനെ പരിഗണിക്കണം എന്ന രീതിയിലുള്ള സമീപനം വിരല്‍ ചുണ്ടുന്നത് കേന്ദ്ര ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ ഇനിയും സാക്ഷരരായിട്ടില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി പറയാത്തത് പറഞ്ഞെന്ന ധ്വനിയോടെ നൂറ്റിഎഴുപത്തഞ്ച് മദ്യ വില്‍പനകേന്ദ്രം തുറക്കാന്‍ തിടുക്കം കാണിച്ച സംസ്ഥാന സര്‍ക്കാരും വെട്ടിലായി. ഇനിയെങ്കിലും സുബോധമുള്ള തീരുമാനങ്ങള്‍ പൊതുജന നന്മക്കായ് എടുക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കരുതെന്നും മാര്‍ പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ചാക്കോ കുടിപ്പറമ്പില്‍,.ആന്റണി മേല്‍വെട്ടം, ഷിനോ പാറയ്ക്കല്‍, സാബു ജേക്കബ് ചിറ്റേത്ത്, വിന്‍സെന്റ് മുണ്ടാട്ടുചുണ്ടയില്‍ ജിന്‍സി കുഴിമുള്ളില്‍, മേരി ആലക്കാമറ്റം, മാത്യു പുഴക്കര, ജോസ് ചിറ്റേട്ട്, മേരിക്കുട്ടി പാലക്കലോടി ഷെല്‍സി കാവനാടി എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.