ഒമിക്രോണ്‍: കേന്ദ്രം കോവിഡ് മാര്‍ഗരേഖ പുതുക്കുന്നു; കേരളത്തിലും അതീവ ജാഗ്രത

ഒമിക്രോണ്‍: കേന്ദ്രം കോവിഡ് മാര്‍ഗരേഖ പുതുക്കുന്നു; കേരളത്തിലും അതീവ ജാഗ്രത

ന്യൂഡല്‍ഹി/തിരുവനന്തപുരം: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ലോകമെങ്ങും ആശങ്ക പരത്തുന്നതിനിടെ ഇന്ത്യയില്‍ കോവിഡ് മാര്‍ഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. ഊര്‍ജിത നടപടികള്‍ സ്വീകരിക്കാനും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.

വിദേശത്തുനിന്നും എത്തുന്ന യാത്രക്കാരുടെ പരിശോധനയിലും നിരീക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തും. രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15ന് ആരംഭിക്കുന്നത് പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം, സജീവമായ നിരീക്ഷണം തുടരണം. ഹോട്സ്‌പോട്ടുകളില്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തണം. എല്ലാ സംസ്ഥാനങ്ങളും വാര്‍ത്താസമ്മേളനങ്ങളിലൂടെയും സ്റ്റേറ്റ് ബുള്ളറ്റിനിലൂടെയും ഒമിക്രോണിനെകുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, ഒമിക്രോണില്‍ പരിഭ്രാന്തി വേണ്ട, ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം.

ഒമിക്രോണിനെതിരെ അതീവ ജാഗ്രതയിലാണ് കേരളവും. തിങ്കളാഴ്ച വിദഗ്ധസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

കോവിഡ് വാക്സിനേഷന് അര്‍ഹതയുളള ജനസംഖ്യയുടെ 96 ശതമാനം പേര്‍ ആദ്യ ഡോസും 63 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്ത 14 ലക്ഷം പേര്‍ ഉണ്ടെന്നത് ആശങ്കയാണ്. മൂന്നു മാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് രോഗികളും മരണവും കേരളത്തിലാണ്.

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസം ക്വാറന്റീന്‍ കര്‍ശനമാക്കാന്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തും. വിദേശത്തുനിന്ന് പുറപ്പെടും മുന്‍പും എത്തി കഴിഞ്ഞും ക്വാറന്റീന്‍ കഴിഞ്ഞും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.