ഒമിക്രോണ്‍: യാത്രാ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം; ഹൈ റിസ്‌ക് പട്ടികയില്‍ 12 രാജ്യങ്ങള്‍

ഒമിക്രോണ്‍: യാത്രാ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം; ഹൈ റിസ്‌ക് പട്ടികയില്‍ 12 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ മന്ത്രാലയം പുതുക്കി. ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

രാജ്യാന്തരയാത്രക്കാര്‍ 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്‌മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല.

നെഗറ്റീവാണെങ്കിലും ഏഴ് ദിവസം നിര്‍ബന്ധ ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം. പോസിറ്റീവായാല്‍ ജിനോം സ്വീകന്‍സിംഗും ഐസൊലേഷനും വേണം എന്നിവയാണ് പുതിയ മാർഗനിർദേശങ്ങൾ.

അതേസമയം ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രാജ്യങ്ങളെ 'ഹൈ റിസ്‌ക്' പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ചൈന, ബോട്‌സ്വാന, യുകെ, ബ്രസീല്‍, ഇസ്രായേല്‍, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് 'ഹൈ റിസ്‌ക്' പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്.

അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന വിമാനയാത്രക്കാരുടെ, പ്രത്യേകിച്ച്‌ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധനയും നിരീക്ഷണവും എങ്ങനെ വേണമെന്ന കാര്യവും സര്‍ക്കാര്‍ അവലോകനം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.