സമരം വീരചരിത്രം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു; താങ്ങു വിലയിലും ഉറപ്പ് വേണമെന്ന് കര്‍ഷക സംഘടനകള്‍

സമരം വീരചരിത്രം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു; താങ്ങു വിലയിലും ഉറപ്പ് വേണമെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു. ഇന്ന് രാവിലെ ലോക്സഭ പാസാക്കിയ ബില്‍ ഉച്ചയോടെ രാജ്യസഭയും പാസാക്കി. ഇനി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചാല്‍ നിയമങ്ങള്‍ റദ്ദാകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാകും. ഇതോടെ ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷകരുടെ ഐതിഹാസിക സമരം പൂര്‍ണ വിജയത്തിലെത്തുകയാണ്.

ലോക്സഭയിലേതുപോലെ ചര്‍ച്ചയില്ലാതെയാണ് രാജ്യസഭയും ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കാനുള്ള ഒറ്റവരി ബില്‍ അവതരിപ്പിച്ചത്. ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് അനുവദിച്ചില്ല. ഇതോടെ സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.

ഇന്നു രാവിലെ സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഇത്തവണത്തേത് സുപ്രധാന സമ്മേളനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ജനഹിത തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ താല്‍പര്യങ്ങള്‍ അനുസരിച്ചുള്ള ചര്‍ച്ചകള്‍ വേണം. എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണ്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം.

സര്‍ക്കാരിനെതിരെ എത്ര ശബ്ദം വേണമെങ്കിലും ഉയര്‍ത്താം. എന്നാല്‍ പാര്‍ലമെന്റിന്റെ അന്തസ് കാക്കണം. ബഹളം വയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനോടും സ്പീക്കറോടുമുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്നും മോഡി ആവശ്യപ്പെട്ടിരുന്നു.

അതേസമയം പാര്‍ലമെന്റിന്റെ ഇരു സഭകളും കാര്‍ഷിക നിയമങ്ങള്‍ റദ്ദു ചെയ്യാനുള്ള തീരുമാനമെടുത്തെങ്കിലും ഉല്‍പന്നങ്ങളുടെ താങ്ങുവില അടക്കം തങ്ങള്‍ ഉന്നയിച്ച മറ്റാവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ രേഖാമൂലമുള്ള ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.