ബിന്‍ ലാദനെ വീഴ്ത്താന്‍ തുണച്ച ഇനം ബെല്‍ജിയന്‍ മാലിനോയ് നായ്ക്കള്‍ ഇനി ഇന്ത്യന്‍ തീവ്രവാദ വിരുദ്ധ സേനയിലും

 ബിന്‍ ലാദനെ വീഴ്ത്താന്‍ തുണച്ച ഇനം ബെല്‍ജിയന്‍ മാലിനോയ്  നായ്ക്കള്‍ ഇനി ഇന്ത്യന്‍ തീവ്രവാദ വിരുദ്ധ സേനയിലും


ന്യൂഡല്‍ഹി: ഇന്ത്യന്‍ തീവ്രവാദ വിരുദ്ധ സേനയ്ക്ക് നിര്‍ണ്ണായക കരുത്തേകാന്‍ ബെല്‍ജിയന്‍ മാലിനോയ് നായ്ക്കളെത്തി. പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡ് ആണ് തീവ്രവാദ വിരുദ്ധ സേനയോടു ചേര്‍ന്നത്. അസാമാന്യ ബുദ്ധിശക്തി കൊണ്ടു പേരെടുത്തിട്ടുള്ളതാണ് ബെല്‍ജിയന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട ബെല്‍ജിയന്‍ മാലിനോയ് ഇനം.

ഭീകരരെ ഒതുക്കാനുള്ള ദൗത്യ വേളയില്‍ വിശ്വസിച്ച് കൂടെ നിര്‍ത്താന്‍ പറ്റിയ നായ്ക്കളില്‍ മുമ്പന്തിയിലാണ് ബെല്‍ജിയന്‍ മാലിനോയ്്.മണം പിടിച്ച് സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക വൈഭവമുണ്ടിവയ്ക്ക്. പക്ഷേ, സ്ഫോടക വസ്തു കണ്ടെത്തിയാല്‍ നിര്‍ത്താതെ കുരയ്ക്കുന്ന സ്വഭാവമില്ല. കമാന്‍ഡോ സംഘവുമായി താരതമ്യേന ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ആശയവിനിമയം നടത്താന്‍ ഇവയ്ക്ക് സാധിക്കും.

അവിശ്വസനീയമായ കരുത്താണ് ഇവയ്ക്കുള്ളത്. ഇത് തന്നെയാണ് സായുധ സേനകളുടെ പ്രിയപ്പെട്ട ഇനമാകാന്‍ കാരണവും. പാരച്യൂട്ടിങ്ങിനും വളരെ വേഗത്തില്‍ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും കേറുന്നതിനും ഇവയ്ക്ക് സാധിക്കും. അത്തരത്തിലുള്ള ഒതുങ്ങിയ ശരീരപ്രകൃതിയാണ് ബെല്‍ജിയന്‍ മാലിനോയുടേത്.

രൂപം കണ്ടാല്‍ അക്രമകാരിയെന്ന് തോന്നുമെങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് മാലിനോയ് നായ്ക്കള്‍ പ്രവര്‍ത്തിക്കുന്നത്. 2019ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തലവനായ കൊടും ഭീകരര്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കാന്‍ സഹായിച്ചു ബെല്‍ജിയന്‍ മാലിനോയ്. 2011 ല്‍ പാകിസ്താനിലെ അബാട്ടാബാദില്‍ ബിന്‍ ലാദനെ കണ്ടെത്തി വധിക്കാന്‍ ഈ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ ഊറ്റമായ പിന്തുണയാണ് യു.എസ് പോരാളികള്‍ക്കേകിയത്.

ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആദ്യമായി ഇവരെ ഉപയോഗിച്ചത് സിആര്‍പിഎഫ് ആയിരുന്നു. പിന്നീട് മറ്റ് കേന്ദ്ര സായുധ പോലീസ് ഏജന്‍സികളായ ഐടിബിപിയും എന്‍എസ്ജിയും. കേരള പോലീസ് സംഘത്തിലും ബെല്‍ജിയന്‍ മാലിനോയ് ഉണ്ട്.

പര്‍വതപ്രദേശങ്ങളിലെ വീരന്മാരായ ഗ്രേറ്റ് സ്വിസ് മൗണ്ടന്‍ നായ്ക്കള്‍ക്കൊപ്പം ലാബ്രഡോറുകളും ജര്‍മ്മന്‍ ഷെപ്പേര്‍ഡുകളും മുന്‍കാലങ്ങളില്‍ നിരവധി ദൗത്യങ്ങളില്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചിരുന്നു. കരസേനാ മേധാവിയില്‍ നിന്നുള്‍പ്പെടെ നിരവധി സൈനിക നായ്ക്കള്‍ക്ക് ബഹുമതി മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.