വിശുദ്ധ കുരിശിന്റെ രഹസ്യം പ്രഘോഷിച്ച അന്ത്രയോസ് ശ്ലീഹാ

വിശുദ്ധ കുരിശിന്റെ രഹസ്യം പ്രഘോഷിച്ച അന്ത്രയോസ് ശ്ലീഹാ

അനുദിന വിശുദ്ധര്‍  -  നവംബര്‍ 30

യേശുവിന്റെ ആദ്യ ശിഷ്യനായ വിശുദ്ധ അന്ത്രയോസിന്റെ ഓര്‍മ്മ ദിവസമാണിന്ന്. യോനായുടെ മൂത്ത പുത്രനായ അന്ത്രയോസ് ഗലീലീയായിലെ ബെത്ത്‌സയ്ദായിലാണ് ജനിച്ചത്. പത്രോസ് ശ്ലീഹായുടെ സഹോദരന്‍ കൂടിയായിരുന്നു അദ്ദേഹം. രണ്ടു പേരും സ്നാപക യോഹന്നാന്റെ ശിഷ്യന്മാരായാണ് ജീവിതം ആരംഭിച്ചത്.

സുവിശേഷങ്ങളില്‍ ശിഷ്യന്മാരുടെ പട്ടിക പറയുമ്പോള്‍ ആദ്യ സ്ഥാനം പത്രോസിനും രണ്ടാം സ്ഥാനം അന്ത്രയോസിനുമാണ് കൊടുത്തിട്ടുള്ളത്. വെറുമൊരു മീന്‍പിടിത്തക്കാരനായിരുന്നു അന്ത്രയോസ്. മല്‍സ്യബന്ധനത്തിനു വളരെ പ്രസിദ്ധമായിരുന്നു ഗലീലിക്കടല്‍. പത്രോസിനൊപ്പം മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന അന്ത്രയോസ് അവിവാഹിതനായിരുന്നുവെന്നും പത്രോസിന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു.

'ഇതാ ലോകത്തിന്റെ പാപങ്ങള്‍ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് സ്‌നാപക യോഹന്നാന്‍ ക്രിസ്തുവിനെ വിശേഷിപ്പിച്ചതു മുതല്‍ അന്ത്രയോസ് ക്രിസ്തുവിന്റെ അനുയായി ആകാന്‍ ആഗ്രഹിച്ചു. യേശുവിനെ കുറിച്ച് സ്നാപക യോഹന്നാന്‍ ഇങ്ങനെ പറഞ്ഞത് അന്ത്രയോസിനോടാണെന്നും ഗുരുവിന്റെ നിര്‍ദേശം അനുസരിച്ചാണ് അന്ത്രയോസ് യേശുവിനെ അനുഗമിച്ചതെന്നും ഒരു വിശ്വാസമുണ്ട്.

ഒരു ദിവസം യേശുവിനൊപ്പം കഴിഞ്ഞ ശേഷമാണ് അന്ത്രയോസ് തന്റെ ഭവനത്തിലെത്തി പത്രോസിനോട് യേശുവിനെക്കുറിച്ചു പറയുകയും അദ്ദേഹത്തെ യേശുവിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തത്. സുവിശേഷങ്ങളില്‍ ഏതാണ്ട് 12 സ്ഥലത്ത് അന്ത്രയോസിനെക്കുറിച്ച് പറയുന്നുണ്ട്. 'വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം' എന്നു പറഞ്ഞുകൊണ്ട് യേശു ആദ്യശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ അന്ത്രയോസും ഉണ്ടായിരുന്നു.

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ യേശു തൃപ്തിപ്പെടുത്തുന്ന അദ്ഭുതം അന്ത്രയോസിന്റെ കൂടി വിശ്വാസത്തിന്റെ പ്രതീകമാണ്. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടത്തിന് എങ്ങനെ ഭക്ഷണം കൊടുക്കുമെന്ന് ശിഷ്യന്മാര്‍ ആകുലതപ്പെടുമ്പോള്‍ 'ഇവിടെ ഒരു ബാലന്റെ കൈയില്‍ അഞ്ചപ്പവും മീനുമുണ്ട്' എന്നു പറയുന്നത് അന്ത്രയോസാണ്.

യേശു ഒരു അദ്ഭുതം കാണിക്കുമെന്ന് അന്ത്രയോസ് വിശ്വസിച്ചിരുന്നതുകൊണ്ടാണല്ലോ, ആ അഞ്ചപ്പവുമായി യേശുവിന്റെ അടുത്തേക്ക് പോകുന്നത്. കാനായിലെ കല്യാണ വിരുന്നിലും അന്ത്രയോസ് യേശുവിനൊപ്പമുണ്ടായിരുന്നു. യേശുവിന്റെ മരണശേഷം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ അന്ത്രയോസ് ജറുസലേമില്‍ പത്രോസിനൊപ്പമായിരുന്നു.

പിന്നീട് ജോര്‍ദാന്‍, അറേബ്യ, ലബനോന്‍, തുര്‍ക്കി തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സുവിശേഷ പ്രവര്‍ത്തനം നടത്തി. നിക്കോമേദിയായില്‍ അന്ത്രയോസ് മെത്രാന്മാരെ നിയോഗിച്ചതായി 'ശ്ലീഹന്മാരുടെ പ്രബോധനങ്ങള്‍' എന്ന മൂന്നാം നൂറ്റാണ്ടിലെ ലേഖനത്തില്‍ കാണാം.

റഷ്യയുടെ പല ഭാഗങ്ങളിലും അന്ത്രയോസ് സുവിശേഷ പ്രസംഗം നടത്തി. റഷ്യയിലെ സ്‌കീതിയായില്‍ വച്ച് അന്ത്രയോസ് ശ്ലീഹായെ കുരിശില്‍ തറച്ച് കൊല്ലുകയായിരുന്നു. വധിക്കുവാനുള്ള സ്ഥലത്തേക്ക് വിശുദ്ധനെ കൂട്ടികൊണ്ട് വന്നപ്പോള്‍ കുരിശിനെ നോക്കി അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു.

'ഓ... വിശുദ്ധ കുരിശേ, വളരെ നാളായി നിന്നെ പുല്‍കുവാന്‍ ആഗ്രഹിക്കുന്ന എന്റെ ആത്മാവിന് ഇപ്പോള്‍ അത് സാധ്യമാകും എന്നതില്‍ ഞാന്‍ ആനന്ദിക്കുന്നു. യാതൊരു മടിയും കൂടാതെ നിന്നിലൂടെ മരണം വരിച്ചവന്റെ ഈ ശിഷ്യനെയും സ്വീകരിക്കണമേ'.

പിന്നീട് കുരിശില്‍ തറയ്ക്കപ്പെട്ട അദ്ദേഹം രണ്ടു ദിവസത്തോളം കുരിശില്‍ ജീവനോടെ കിടക്കുകയും യേശുവിന്റെ പ്രബോധനങ്ങള്‍ ഉത്‌ഘോഷിക്കുകയും ചെയ്തു. അവസാനം ക്രിസ്തുവിനു സമാനമായ രീതിയില്‍ മരണം വരിച്ചുകൊണ്ട് യേശുവിനോട് ചേര്‍ന്നു. വിശുദ്ധ കുരിശിന്റെ രഹസ്യം നമുക്ക് പ്രദാനം ചെയ്തു എന്ന നിലയിലും വിശുദ്ധ അന്ത്രയോസിന്റെ രക്തസാക്ഷിത്വം പ്രാധാന്യമര്‍ഹിക്കുന്നു.

സ്‌കോട്ട്ലന്‍ഡ്, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥനായി അന്ത്രയോസ് ശ്ലീഹാ അറിയപ്പെടുന്നു.


ഇന്നത്തെ ഇതര വിശുദ്ധര്‍

1. സായിന്തെസ് ബിഷപ്പായിരുന്ന ട്രോജന്‍

2. കോണ്‍സ്റ്റാന്റിനോപ്പിളിലെ മൗറ, യുസ്തീന

3. റോമാക്കാരായ കാസ്തുളൂസും എവുപ്രെപ്ലിസും

4. പേഴ്‌സ്യയിലെ സാപോര്‍, ഐസക്ക്, ശെമയോന്‍

5. റോമന്‍ പുരോഹിതനായ കോണ്‍സ്താന്‍സിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.