ഓര്‍ക്കുക... ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം

ഓര്‍ക്കുക... ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം

ജീവന്റെ കളിത്തൊട്ടിലായ സ്വന്തം ഗര്‍ഭപാത്രത്തെ നിഷ്‌കളങ്ക ജീവന്റെ ബലിക്കല്ലാക്കി മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ സ്ത്രീകള്‍ മാത്രമാണ്. തീരുമാനമെടുക്കാനുള്ള നിങ്ങളുടെ ആ അവകാശത്തിനുമേല്‍ നാട്ടിലെ നിയമങ്ങള്‍ക്കോ, നിയമ നിര്‍മ്മാതാക്കള്‍ക്കോ, അതിന്റെ നടത്തിപ്പുകാര്‍ക്കോ യാതൊരു വിധ അധികാരങ്ങളുമില്ല.

പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്റയിലെ ഒരു സാധാരണ സ്ത്രീ ആയിരുന്നു മരിയ ഡോളോറസ് ഡോസ് സാന്റോസ് അവീറോ എന്ന ഡോളോറസ് അവീറോ. പാചകമായിരുന്നു തൊഴില്‍. ഭര്‍ത്താവ് ജോസ് ഡിനിസ് അവീറോ ഒരു മുനിസിപ്പല്‍ ഗാര്‍ഡനറായിരുന്നു. പക്ഷേ, മുഴുക്കുടിയനായിരുന്നതിനാല്‍ മൂന്ന് മക്കളുള്ള കുടുംബത്തെ പട്ടിണിക്കിടാതെ നോക്കേണ്ട ചുമതല ഡോളോറസിന്റെ ചുമലിലായി.

പാചകം ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നു വേണം മക്കളുടെ പഠന ചിലവുകളടക്കം കണ്ടെത്താന്‍. അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കഷ്ടപ്പെടുമ്പോഴാണ് താന്‍ നാലാമതും ഗര്‍ഭിണിയാണന്ന് ഡോളോറസ് അറിയുന്നത്. പട്ടിണിക്കും പരിവട്ടത്തിനുമിടയില്‍ ഒരു കുഞ്ഞുകൂടി... അവള്‍ക്കത് ഒട്ടും ഉള്‍ക്കൊള്ളാനായില്ല... ഗര്‍ഭഛിദ്രം തന്നെ ശരണം. തീരുമാനിച്ചുറപ്പിച്ച ഡോളോറസ് നഗരത്തിലെ ഒരാശുപത്രിയിലെത്തി. പക്ഷേ, ഡോക്ടര്‍ ആവശ്യം നിരസിച്ച് മടക്കി അയച്ചു.

എന്നാല്‍ തോറ്റു പിന്‍മാറാന്‍ ഡോളോറസ് തയ്യാറായില്ല. സ്വയം ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനമെടുത്തു. അതിനായി ചൂടുള്ള ബിയര്‍ ആവോളം കുടിച്ച ശേഷം തളര്‍ന്നു വീഴും വരെ ഓടി. പക്ഷേ, വിധി മറ്റൊന്നായിരുന്നു. അമ്മയുടെ മനസിലെ കൊലപാതക ചിന്തകളെ വെല്ലുവിളിച്ച് ആ കുഞ്ഞ് 1985 ഫെബ്രുവരി അഞ്ചിന് ഭൂമിയില്‍ പിറന്നു വീണു.

അവനെ നശിപ്പിക്കാന്‍ അമ്മ തളര്‍ന്നു വീഴും വരെ ഓടിയെങ്കില്‍, ഇന്ന് ലോകത്ത് അങ്ങോളമിങ്ങോളമുള്ള പുല്‍ മൈതാനങ്ങളില്‍ അവന്റെ പിന്നാലെ നെട്ടോട്ടമോടി തളര്‍ന്ന് വീഴുകയാണ് ഒട്ടുമിക്ക ഫുട്‌ബോള്‍ ഡിഫന്റര്‍മാരും. അവനാണ് കാല്‍പന്തു കളിയിലെ സ്വര്‍ണ പാദുകങ്ങളുള്ള രാജകുമാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ!..


പട്ടിണി ഭയന്ന് അമ്മ നശിപ്പിക്കാന്‍ തീരുമാനിച്ച ആ കുഞ്ഞ് സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റിയെന്ന് മാത്രമല്ല ഇന്ന് ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോളറും കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് ഇന്ന് ഡോളോറസും ആ കുടുംബവും ലോകത്തിന് പ്രീയപ്പെട്ടവരായി മാറിയത്. നോക്കുക, മനുഷ്യന്‍ ഒന്നാഗ്രഹിക്കുന്നു; ദൈവം മറ്റൊന്ന് തീരുമാനിക്കുന്നു.

പിറന്ന് വീഴാന്‍ പോകുന്ന കുഞ്ഞ് ആരായി തീരുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല. ഒരു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ തീരുന്നില്ല ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പട്ടിക.

ഭിക്ഷക്കാരി പ്രഘോഷിച്ച 'ജീവന്റെ സുവിശേഷം' എത്ര മഹത്തരം...

ക്ഷയരോഗിയായ ഒരു യുവതി സിഫിലിസ് ബാധിച്ച പുരുഷനുമായി വിവാഹിതയായി. തന്റെ പ്രതിശ്രുത വരന് സിഫിലിസ് രോഗമുണ്ടെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിലും അവള്‍ ആ വിവാഹത്തിന് സമ്മതം മൂളി. കാരണം ന്യൂയോര്‍ക്കിലെ തെരുവില്‍ ഭിക്ഷ യാചിച്ചു കഴിയുന്ന തനിക്ക് അധികമൊന്നും ആഗ്രഹിക്കാന്‍ അവകാശമില്ലെന്ന് അവള്‍ക്കറിയാമായിരുന്നു.

ആ ബന്ധത്തിലുണ്ടായ ആദ്യത്തെ കുഞ്ഞ് മരിച്ചാണ് ജനിച്ചത്. രണ്ടാമത്തെ കുട്ടി ബധിരനും മൂകനും. മൂന്നാമത്തെ കുഞ്ഞാണെങ്കില്‍ അമ്മയെപ്പോലെ ക്ഷയരോഗി. അവള്‍ നാലാമതും ഗര്‍ഭിണിയായപ്പോള്‍ പലരും നെറ്റി ചുളിച്ചു. പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. ചിലര്‍ ഭീഷണിപ്പെടുത്തുക വരെ ചെയ്തു.

പക്ഷേ, ഒരു തെരുവ് യാചകി ആയിരുന്നെങ്കിലും ആ അമ്മയ്ക്ക് ജീവന്റെ വില എത്ര മഹത്തരമെന്ന തിരിച്ചറിവുണ്ടായിരുന്നു. തന്റെ ഉദരത്തില്‍ വളരുന്ന നിഷ്‌ക്കളങ്ക ജീവനെ നശിപ്പിക്കാന്‍ അവള്‍ തയ്യാറായില്ല. അംഗവൈകല്യമോ, ബുദ്ധിമാന്ദ്യമോ എന്തുതന്നെ സംഭവിച്ചാലും മറ്റു രണ്ടു മക്കളേയും പോലെ അതിനേയും വളര്‍ത്താന്‍ ആ അമ്മ തീരുമാനിച്ചു. ആ കുഞ്ഞാണ് പിന്നീട് ലോകം മുഴുവന്‍ അറിയപ്പെട്ട സുപ്രസിദ്ധ സംഗീതജ്ഞന്‍ ലഡ് വിംഗ് ബിഥോവന്‍!..

മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഭിക്ഷക്കാരിയായ ആ മാതാവ് തന്റെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വച്ച് നശിപ്പിച്ചിരുന്നെങ്കില്‍ ലോകത്തിന് നഷ്ടമാകുമായിരുന്നത് ഒരു സംഗീതാചാര്യനെ ആയിരുന്നു. അറിവും വിദ്യാഭ്യാസവുമില്ലെങ്കിലും തന്റെ ഉദരത്തില്‍ വളര്‍ന്നു വരുന്നത് ഒരു മനുഷ്യ ജീവനാണെന്ന തിരിച്ചറിവും അതിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യവുമുണ്ടായിരുന്നു അവള്‍ക്ക്.

അതുകൊണ്ടു മാത്രമാണ് ലഡ് വിംഗ് ബിഥോവനെയും മറക്കാനാവാത്ത കുറേ സംഗീതവും ലോകത്തിന് ലഭിച്ചത്. നിസാര കാരണങ്ങളുടെ പേരില്‍ സ്വന്തം ഗര്‍ഭപാത്രം ശവപ്പറമ്പാക്കി മാറ്റുന്ന ഇന്നിന്റെ അമ്മമാര്‍ക്ക് തെരുവിന്റെ സന്തതിയായിരുന്ന ആ ഭിക്ഷക്കാരി അമ്മ പഠിപ്പിച്ചു തരുന്ന ജീവന്റെ പാഠങ്ങള്‍ ഏറെ ശ്രേഷ്ഠമാണ്.

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച ഗര്‍ഭഛിദ്രം അമ്മ വേണ്ടെന്ന് വച്ചതിന്റെ ഫലമായിരുന്നു 1978 മുതല്‍ 2005 വരെയുള്ള 27 വര്‍ഷക്കാലം ആഗോള കത്തോലിക്കാ സഭയെ നയിച്ച് പിന്നീട് വിശുദ്ധ പദവിയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ!...