ഗള്‍ഫില്‍ നിന്ന് വരുന്ന കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് സ്വയം നിരീക്ഷണം മാത്രം

ഗള്‍ഫില്‍ നിന്ന് വരുന്ന കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് സ്വയം നിരീക്ഷണം മാത്രം

തിരുവനന്തപുരം: ഹൈ റിസ്‌ക് രാജ്യങ്ങള്‍ അല്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന അഞ്ച് ശതമാനം പേരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്‍ മുന്‍ഗണന നല്‍കും.

അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാല്‍ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന നിര്‍ദേശം പാലിച്ച് പുറത്തിറങ്ങാം. പോസിറ്റീവ് ആണെങ്കില്‍ സാംപിള്‍ തുടര്‍ പരിശോധനയ്ക്ക് അയക്കും. അവര്‍ തുടര്‍ചികിത്സയ്ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയരാകണം.

ഏഴു ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുള്ളത് 12 വിഭാഗം രാജ്യങ്ങളില്‍ നിന്ന് (ഹൈ റിസ്‌ക് രാജ്യങ്ങള്‍) നാട്ടിലെത്തുന്നവര്‍ക്കാണ്. യു.കെ. അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാവേ, സിങ്കപ്പൂര്‍, ഹോങ് കോങ്, ഇസ്രയേല്‍ എന്നിവയാണവ. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുണ്ടാകും.

പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കില്‍ ഏഴു ദിവസം വീട്ടില്‍ ക്വാറന്റീനു ശേഷം എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. എന്നിട്ടും നെഗറ്റീവ് ആണെങ്കില്‍ ഒരാഴ്ചകൂടി സ്വയം നിരീക്ഷണം നടത്തണം. പോസിറ്റീവ് ആയവരുടെ സാംപിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും. ഇക്കൂട്ടരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സിക്കും. ഒമിക്രോണ്‍ ഇല്ലെന്നു കണ്ടെത്തിയാല്‍ ഡിസ്ചാര്‍ജ് ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.