കൊച്ചിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; പുറത്തേക്ക് ചാടിയ രണ്ട് പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; പുറത്തേക്ക് ചാടിയ രണ്ട് പേര്‍ക്ക് പരിക്ക്

കൊച്ചി: ഇടപ്പള്ളിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ലോഡ്ജ് ആയി പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിനാണ് പുലര്‍ച്ചെ തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. അഗ്‌നിശമനസേന എത്തി തീയണച്ചു. രാവിലെ ആറോടെയാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരുമണിക്കൂറിനുള്ളില്‍ നാലു നിലകളിലേക്കും തീ പടരുകയായിരുന്നു. ഇതുവഴി വാഹനത്തില്‍ പോകുകയായിരുന്ന ഒരു കെഎസ്ഇബി ഉദ്യോഗസ്ഥനാണ് തീപടരുന്നത് ശ്രദ്ധിച്ചത്. ഉടനെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.


തീ പടര്‍ന്നതോടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെടാനായി പുറത്തേക്കു ചാടി. പരുക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു ലോഡ്ജിന്റെ പ്രവര്‍ത്തനമെന്നാണ് ജില്ലാ ഫയര്‍ ഓഫിസര്‍ പറയുന്നത്. പുലര്‍ച്ചെ ആളുകള്‍ കുറവായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.