മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ ഉയര്‍ത്തി: പെരിയാറില്‍ ജലനിരപ്പ് നാലടി ഉയര്‍ന്നു; നിരവധി വീടുകളില്‍ വെള്ളം കയറി, പ്രതിഷേധം

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ ഉയര്‍ത്തി: പെരിയാറില്‍ ജലനിരപ്പ് നാലടി ഉയര്‍ന്നു; നിരവധി വീടുകളില്‍ വെള്ളം കയറി, പ്രതിഷേധം

ഇടുക്കി: മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് പെരിയാര്‍ തീരത്ത് താമസിക്കുന്ന ലക്ഷക്കണക്കിനാളുകളെ പ്രതിസന്ധിയിലാക്കി. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധമേറുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകളാണ് തുറന്നത്. അഞ്ച് ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതവും നാലെണ്ണം 30 സെന്റീ മീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ പെരിയാറിലെ ജലനിരപ്പ് നാലടിയോളം ഉയര്‍ന്നു. ഇതോടെ പെരിയാര്‍ തീരത്തെ വീടുകളിലടക്കം വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്തെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. അപ്രതീക്ഷിതമായി വെള്ളം കയറിയ സാഹചര്യത്തില്‍ ജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയോടെയാണ് വീടുകളിലേക്ക് വെളളം കയറിയതെന്നും വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനോ ആളുകളെ ഒഴിപ്പിക്കുന്നതിനോ സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഈ മാസം പത്തിലേറെ തവണ മുല്ലപ്പെരിയാറിലെ ഷട്ടറുകളുയര്‍ത്തി. എപ്പോഴാണ് ഷട്ടറുകള്‍ ഉയര്‍ത്തുകയെന്ന് പോലും അറിയിക്കുന്നില്ല. വെള്ളം ഉയരുമ്പോഴാണ് ഷട്ടര്‍ ഉയര്‍ത്തിയ വിവരമറിയുന്നതെന്നും പെരിയാര്‍ തീരത്തുള്ളവര്‍ പരാതിപ്പെടുന്നു.

ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം കയറിയതിന് ശേഷമാണ് പലപ്പോഴും ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് പുലര്‍ച്ചയോടെ വീടുകളിലേക്ക് വെള്ളം കയറി.എന്നാല്‍ ഒമ്പത് മണിയോടെയാണ് ജാഗ്രതാ മുന്നറിയിപ്പ് വന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.