മുല്ലപ്പെരിയാര്‍ ഡാമിന്റെ അകം കാലിയാണ്; എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ വെള്ളം കുടിക്കാതെയും നമ്മള്‍ വെള്ളം കുടിച്ചും ചാകും: എം.എം മണി

മുല്ലപ്പെരിയാര്‍ ഡാമിന്റെ അകം കാലിയാണ്; എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ വെള്ളം കുടിക്കാതെയും നമ്മള്‍ വെള്ളം കുടിച്ചും ചാകും:  എം.എം മണി

നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാം ജല ബോംബായി തലയ്ക്ക് മുകളില്‍ നില്‍ക്കുകയാണെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി എംഎല്‍എ. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന്റെ അകം കാലിയാണ്. മന്ത്രിമാരുടെ കൂടെ താന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

എന്തെങ്കിലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും. വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണ്. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

'വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്.

അതിനോട് യോജിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താല്‍ പ്രശ്നം വേഗത്തില്‍ തീരും. ഇല്ലേ വല്ലോം സംഭവിച്ചാല്‍ ദുരന്തമായി തീരും. ഇത് നില്‍ക്കുവോ എന്ന് തുരന്ന് നോക്കാന്‍ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ല'- എം.എം മണി പറഞ്ഞു.

മുലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും അനാവശ്യ ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കുമ്പോഴാണ് മുന്‍ മന്ത്രികൂടിയായ മണി ആശാന്റെ ഈ അഭിപ്രായ പ്രകടനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.