മാർ ജോർജ് പുന്നക്കോട്ടിൽ വചനസർഗ പ്രതിഭാ പുരസ്‌കാരം ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്

മാർ ജോർജ് പുന്നക്കോട്ടിൽ വചനസർഗ പ്രതിഭാ പുരസ്‌കാരം ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്

കൊച്ചി: റവ. ഡോ. സെബാസ്റ്റ്യന്‍ കിഴക്കെയിലിന് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാ പുരസ്‌കാരം. കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്.

കേരള കത്തലിക് ബൈബിൾ സൊസൈറ്റി നൽകുന്ന വചനസര്‍ഗ പ്രതിഭാ പുരസ്‌കാരവും അവാര്‍ഡ് തുകയായ 25,000 രൂപയും 2022 ജനുവരി 15-ന് പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ അദ്ദേഹത്തിന് സമ്മാനിക്കും.

ബൈബിള്‍ വൈജ്ഞാനിക മേഖലയില്‍ ഫാ. സെബാസ്റ്റ്യന്‍ കിഴക്കെയില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.സെന്റ് തോമസ് മിഷനറി സോസൈറ്റി അംഗമായ ഫാ. സെബാസ്റ്റ്യന്‍ കണ്ണൂര്‍  പരിയാരത്തുള്ള സാന്തോം സെന്ററില്‍ ബൈബിള്‍ പ്രസിദ്ധീകരണരംഗത്തു പ്രവര്‍ത്തിക്കുന്നു.

മലയാളഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമായി 36 ബൈബിള്‍ പഠനഗ്രന്ഥങ്ങളും 26 ഇതരഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഗുഡ്‌നെസ് ടിവിയില്‍ 1000 ല്‍പരം ബൈബിള്‍ പഠന എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം വിവിധ സെമിനാരികളില്‍ ബൈബിള്‍ പ്രഫസറാണ്. ബൈബിളിലെ വിവിധ പുസ്തകങ്ങള്‍ ആധാരമാക്കി ആദ്ദേഹം പ്രസിദ്ധീകരിക്കുന്ന സാന്തോം ബൈബിള്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ബൈബിള്‍ വൈജ്ഞാനിക മേഖലയില്‍ മുതല്‍ക്കൂട്ടാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.