തൃശൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നോറോ വൈറസ്

തൃശൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നോറോ വൈറസ്

തൃശൂര്‍: ജില്ലയില്‍ നാല് നോറോ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം ബാധിച്ചത്. ഇതോടെ തൃശൂരിലെ ആകെ നോറോ വൈറസ് കേസുകളുടെ എണ്ണം 60 ആയി.

വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കോളേജിലെ ക്ലാസുകള്‍ പൂണമായും ഓണ്‍ലൈനിലാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കോളേജിലെ കാന്റീനും ആരോഗ്യവകുപ്പ് ഇടപെട്ട് അടപ്പിച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഹോസ്റ്റലിലെ മലിനമായ വെള്ളമാണ് രോഗത്തിന് കാരണമെന്ന് നേരത്തെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. പ്രദേശത്തെ കിണറുകള്‍ ഉള്‍പ്പെടെ മറ്റു ജലസ്രോതസ്സുകളില്‍ ശുചീകരണം തുടരുകയാണ്. ഹോസ്റ്റലുകളിലും ആളുകള്‍ ഒരുമിച്ച്‌ താമസിക്കുന്ന ഇടങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ആണ് വിദ്യാര്‍ത്ഥികളില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം പകരാതിരിക്കാന്‍ വൈറസ് ബാധിതരായ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 25 ഓളം വിദ്യാര്‍ത്ഥികളെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. മറ്റ് ജില്ലകളിലേക്ക് പോയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശുചിത്വം പാലിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കി. അതാത് ജില്ലകളിലെ ഡിഎംഓ മാരേയും വിവരം അറിയിച്ചിട്ടുണ്ട്.

എന്നാൽ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പരിശോധനക്കായി കൂടുതല്‍ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറേളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ജില്ലയിലെ മറ്റു ഹോസ്റ്റലുകളിലും ജാഗ്രത നിര്‍ദേശം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി

വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച 30 സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ വിദഗ്ദ സംഘം പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചത്.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ കൃത്യമായ വിശ്രമവും പരിചരണവും കിട്ടിയില്ലെങ്കില്‍ രോഗം ഗുരുതരമായി മരണം സംഭവിക്കാന്‍ സാധ്യതയേറെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.