തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. ഹോര്‍ട്ടികോര്‍പ്പ് ഇടപെട്ടതോടെ അറുപതിലേക്ക് താഴ്ന്ന തക്കാളിക്ക് ഇന്നലെ 90 മുതല്‍ 94 വരെയായി ഉയര്‍ന്നു.
പാവയ്‌ക്ക -104, പയര്‍ -108, മുരിങ്ങയ്ക്ക -140, വലിയ മുളക് -240 എന്നിങ്ങനെയാണ് വില നൂറു കടന്ന ഇനങ്ങള്‍. സവാള ഒഴികെ മറ്റെല്ലാ പച്ചക്കറികള്‍ക്കും വിലകൂടി.
അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയെന്ന് പറഞ്ഞ് ഇടനിലക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറല്ല. ഡീസല്‍ വില കൂടിയതിനാല്‍ ലോറി വാടക വര്‍ധനവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അനാവശ്യ ക്ഷാമം സൃഷ്ടിച്ച് കരിഞ്ചന്തയില്‍ വില്പന നടത്തുന്നതാണ് വില വര്‍ധിക്കാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാകുകയാണ്.
ഏറ്റവും കൂടുതല്‍ വില വര്‍ധിച്ച തക്കാളി തമിഴ്‍നാട്ടിലെ കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന് നല്‍കുന്നത് 45 -50 രൂപയ്ക്കാണ്. ഇതേ വിലയ്ക്കാണ് സ്വകാര്യ കച്ചവടക്കാര്‍ക്കും ലഭിക്കുന്നത്. ഈ തക്കാളി കേരളത്തിലെത്തുമ്പോള്‍ വില കൂടുന്നത് ക്ഷാമം സൃഷ്‌ടിക്കുന്നതിനാലാണെന്നാണ് ആക്ഷേപം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് വാങ്ങി വില്പന തുടങ്ങിയതോടെയാണ് വില താഴ്ന്നത്. 60 രൂപയായി കുറഞ്ഞ തക്കാളിയാണ് ഇന്നലെ 90 - 94 രൂപയ്ക്ക് വിറ്റത്. മുരിങ്ങയ്ക്ക 140, വെണ്ടയ്ക്ക 72, പാവയ്ക്ക 104 എന്നിങ്ങനെയാണ് ഇന്നലത്തെ വില.
വില കൂടിയെങ്കിലും പിടിച്ചുനിറുത്താനുള്ള ശ്രമം ഹോര്‍ട്ടികോര്‍പ്പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ശരാശരി 75 ടണ്‍ പച്ചക്കറി തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി ഹോര്‍ട്ടികോര്‍പ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. നിലവിലെ നിരക്കില്‍ വില്‍ക്കാനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.