മോഡലുകളുടെ മരണം: സൈജുവിന്റെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തേക്കും; നിയമോപദേശം തേടി

മോഡലുകളുടെ മരണം: സൈജുവിന്റെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തേക്കും; നിയമോപദേശം തേടി

കൊച്ചി: മോഡലുകള്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസിന് സാധ്യത. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ മയക്കു മരുന്ന് സംഘം ചേര്‍ന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.

കഞ്ചാവ്, എംഡിഎംഎ, സ്റ്റാമ്പ് എന്നിവ സംഘം ചേര്‍ന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണിത്. ഇവ ലഹരിപ്പാര്‍ട്ടികളാണെന്ന് സൈജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവര്‍ക്കെതിരെ കേസെടുക്കുന്നതിന് പൊലീസ് നിയമോപദേശം തേടി.
സൈജു മയക്കുമരുന്നുമായി ബന്ധപ്പെട്ടും മറ്റ് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടും ചാറ്റ് ചെയ്ത ആളുകളോട് ഇന്ന് അന്വേഷണ സംഘത്തിന്റെ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോകളിലും ദൃശ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ട മുഴുവന്‍ ആളുകളും പൊലീസ് നിരീക്ഷണത്തിലാണ്. ഇവരെയെല്ലാം കസ്റ്റഡി കാലാവധി അവസാനിക്കും മുമ്പ് സൈജുവിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കൂടാതെ സൈജുവിന്റെ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലുള്ള സൈബര്‍സെല്‍ പരിശോധനയും ഇന്ന് നടക്കും. പരിശോധനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈബര്‍ വിദഗ്ദരുടെ സാന്നിധ്യത്തില്‍ സൈജുവിനെ വീണ്ടും ചോദ്യം ചെയ്യും.

മോഡലുകള്‍ അപകടത്തില്‍ മരിച്ച അന്നു രാത്രി ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ അന്‍സിയെയും അഞ്ജനയെയും സൈജു കാറില്‍ പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞു നിര്‍ത്തി. അവിടെ വച്ചും തര്‍ക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് അതിവേഗത്തില്‍ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.