ഗോവ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം: ജി.എഫ്.പിയുമായി കൈകോര്‍ത്തു; എന്‍സിപിയും ശിവസേനയും ഒപ്പം ചേര്‍ന്നേക്കും

 ഗോവ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം: ജി.എഫ്.പിയുമായി കൈകോര്‍ത്തു; എന്‍സിപിയും ശിവസേനയും ഒപ്പം ചേര്‍ന്നേക്കും

പനാജി: ഗോവയില്‍ അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കരുതലോടെ കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ചാണ് സംസ്ഥാന ഭരണം കോണ്‍ഗ്രസിന് നഷ്ടമായത്. തനിച്ച് മത്സരിക്കാനുള്ള തീരുമാനമായിരുന്നു കാരണം.

എന്നാല്‍ 2017 ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഗോവയില്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ പ്രാദേശിക കക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തില്‍ എത്തി കഴിഞ്ഞു. നേരത്തെ എന്‍ഡിഎ സഖ്യകക്ഷിയായിരുന്നു ജി.എഫ്.പി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും കേന്ദ്ര ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് ചെറു പാര്‍ട്ടികളെ പാട്ടിലാക്കി ബിജെപി ഭരണം പിടിക്കുകയായിരുന്നു. 13 സീറ്റുണ്ടായിരുന്ന ബിജെപി പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടിയുമായും സഖ്യത്തിലെത്തി ഭരണം നേടി.

വൈകാതെ കോണ്‍ഗ്രസില്‍ നിന്നും ഗോവ മഹാരാഷ്ട്ര ഗോമന്ത് പാര്‍ട്ടിയില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപി ഭരണം സുരക്ഷിതമാക്കി. പുതിയ അംഗങ്ങളെത്തിയതോടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനം നഷ്ടമായിരുന്നു. ഇതോടെ ബി ജെ പി നേതൃത്വവുമായി ഇടഞ്ഞ ജി.എഫ്.പി മുന്നണി വിടുകയും ചെയ്തു.

ഇത്തവണ എങ്ങനെയും ബിജെപിയെ അധികാരത്തില്‍ നിന്നും വീഴ്ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജി.എഫ്.പി പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസുമായി സഖ്യത്തിന് ജി.എഫ്.പി തയ്യാറായെങ്കിലും ആദ്യം കോണ്‍ഗ്രസ് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഗോവയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജി.എഫ്.പി സഖ്യം ഉറപ്പിച്ചിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ജി.എഫ്.പി അധ്യക്ഷന്‍ വിജയ് സര്‍ദേശായി, ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു എന്നിവര്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അന്തിമ തിരുമാനം കൈക്കൊണ്ടത്. സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ഇരു കക്ഷികളും ഉടന്‍ പൂര്‍ത്തിയാക്കും.

നിലവില്‍ മൂന്ന് എംഎല്‍എമാരാണ് ജി.എഫ്.പിക്കുള്ളത്. സിയോലിം എംഎല്‍എ വിനോദ് പാലിയന്‍കാര്‍ വിജയ് സര്‍ദേശായിക്കൊപ്പം നില്‍ക്കുമ്പോള്‍ മറ്റൊരു എംഎല്‍എ ജയേഷ് സല്‍ഗോങ്കറിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ്. എന്നാല്‍ സ്വതന്ത്ര എംഎല്‍എ പ്രസാദ് ഗോയങ്കരുടെ യോഗത്തിലെ സാന്നിധ്യം പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്-ജി.എഫ്.പി സഖ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് സഖ്യത്തിന് സാധിക്കുമെന്ന വികാരം തുടക്കത്തില്‍ തന്നെ സൃഷ്ടിക്കാന്‍ പുതിയ സഖ്യത്തിന് സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

അതിനിടെ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന സൂചന എന്‍സിപി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായാല്‍ ശിവസേനയും ഒപ്പം കൂടാന്‍ തയ്യാറാണ്. ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ഇരു പാര്‍ട്ടികള്‍ക്കും ശക്തമായ സ്വാധീനമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.