അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 02
ഇറ്റലിയിലെ റോം നഗരത്തില്‍ എ.ഡി 347 ല്‍ ബിബിയാന ജനിച്ചു എന്ന് കരുതപ്പെടുന്നു. ഫ്‌ളാവിയന്‍ - ദഫ്രോസ ദമ്പതികളാണ് മാതാപിതാക്കള്‍. ഏക സഹോദരി ദിമെട്രിയാ. ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഈ കന്യക തന്റെ എല്ലാ സഹനങ്ങളിലും യേശുവിനെ പ്രഘോഷിച്ചു.
ക്രൈസ്തവ വിശ്വാസം ഏറെ പ്രചരിക്കപ്പെടാത്ത ആ കാലത്ത് വളരെ അടിയുറച്ച വിശ്വാസം വെച്ചുപുലര്‍ത്തി തങ്ങളുടെ മക്കളെ ദൈവ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കാരണത്താല്‍ തന്നെ ചക്രവര്‍ത്തി ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും റോമന്‍ പുരോഹിതനായ ഫ്‌ളാവിയനെ ചൂടാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് മുഖം പൊള്ളിച്ച് വികൃതമാക്കി നാടു കടത്തുകയും ചെയ്തു.
അവരുടെ എല്ലാ സമ്പാദ്യങ്ങളും കൊട്ടാരത്തിലേക്ക് കണ്ടുകെട്ടുകയും ബിബിയാനയെയും സഹോദരിയെയും ചക്രവര്‍ത്തി തടങ്കലിലാക്കുകയും ചെയ്തു. അടിയുറച്ച ദൈവ വിശ്വാസികളായതിനാല്‍ നീണ്ട അഞ്ചു മാസത്തോളം വരെ അവര്‍ക്ക് തടങ്കല്‍ പാളയത്തില്‍ ഉപവസിക്കാന്‍ സാധിച്ചു.
മാസങ്ങള്‍ക്ക് ശേഷം ന്യായാധിപ സംഘത്തിന് മുന്നില്‍ എത്തിച്ച സഹോദരിമാരില്‍ ദിമെട്രിയ തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് അവിടെ തന്നെ വീണു മരിച്ചു. ബിബിയാനയുടെ വിശ്വാസത്തെ ചഞ്ചലപ്പെടുത്തുവാന്‍ ന്യായാധിപ സംഘം ഫുഫിനാ എന്ന ദുഷ്ട സ്ത്രീക്ക് അവളെ ഏല്‍പ്പിച്ചു കൊടുത്തു.
ദുഷ്ടതയുടെ മൂര്‍ത്തി രൂപമായിരുന്ന ഫുഫിനാ പലവിധത്തില്‍ ബിബിയാനയെ പീഡിപ്പിച്ചു. എന്നാല്‍ അവളുടെ വിശ്വാസത്തില്‍ ഒരു തരി പോലും കുറവ് വരുത്തുവാന്‍ അവര്‍ക്കായില്ല. ഇതേ തുടര്‍ന്ന് ഈയം കൊണ്ടുണ്ടാക്കിയ മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടികൊണ്ട് ക്രൂരമായി അടിച്ച് ബിബിയാനയെ കൊലപ്പെടുത്തി.
മൃതദേഹം മറവു ചെയ്യാതെ കാട്ടുമൃഗങ്ങള്‍ക്കും നായ്ക്കള്‍ക്കും ഭക്ഷണമായി വെളിമ്പ്രദേശത്തേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ ഒരു ജീവിയും മൃതദേഹത്തില്‍ സ്പര്‍ശിച്ചില്ല. ജോണ്‍ എന്ന പുരോഹിതന്‍ രണ്ടു ദിവസത്തിനുശേഷം രാത്രിയില്‍ അവളുടെ ശരീരം മറവു ചെയ്തു. 363 ലായിരുന്നു വിശുദ്ധ ബിബിയാനായുടെ രക്തസാക്ഷിത്വം. വിശുദ്ധയുടെ ഓര്‍മ്മയ്ക്കായി സാന്താ ബിബിയാന എന്ന പേരില്‍ റോമില്‍ ഒരു ആരാധനാലയമുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. വിശുദ്ധ ഇവാന്‍
2. എദേസാ ബിഷപ്പായിരുന്ന നോണ്ണൂസ്
3. റോമാക്കാരായ പൊണ്‍ഷിയനും കൂട്ടരും
4. വെറോണയിലെ ബിഷപ്പായിരുന്ന ലൂപ്പസ്
5. ഇറ്റലിയിലെ ക്രോമാസിയൂസ്, എവാസിയൂസ്
6. റോമാക്കാരായ എവുസെബിയൂസ്, മര്‍സെല്ലൂസ്, ഹിപ്പൊളിത്തൂസ്, മാക്‌സിമൂസ്
7. റോമാക്കാരായ അഡ്രിയാ, പൗളിനാ, നെയോണ്‍, മേരി മര്‍ത്താനാ, ഔഗ്രേലിയാ.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26