പെട്രോളും ഡീസലും ജി.എസ്.ടിയില്‍ പറ്റില്ലെന്ന് കൗണ്‍സില്‍; മറുപടി തൃപ്തികരമല്ലെന്ന് ഹൈക്കോടതി

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ പറ്റില്ലെന്ന് കൗണ്‍സില്‍; മറുപടി തൃപ്തികരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ജി.എസ്.ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോവിഡും സാമ്പത്തിക പ്രത്യാഘാതവും കണക്കിലെടുത്താണ് കൗണ്‍സില്‍ തീരുമാനം. ഈ മറുപടി തൃപ്തികരമല്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി വിശദമായ സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

ഇന്ധന വില വര്‍ദ്ധന തടയാന്‍ പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇത് സാധ്യമല്ലെന്ന ജി.എസ്.ടി കൗണ്‍സില്‍ ഡയറക്ടറുടെ കത്ത് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഈ വിഷയം 45ാമത് കൗണ്‍സില്‍ യോഗം പരിഗണിച്ചിരുന്നു. വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും വിശദമായ കൂടിയാലോചന വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

കോവിഡ് സാഹചര്യത്തില്‍ ഇവ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ടുകളും ചര്‍ച്ചയായി. തുടര്‍ന്ന് ഇവ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇവ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താത്തതിന് ന്യായമായ കാരണങ്ങളും ചര്‍ച്ചയും വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോവിഡ് കാരണമായി പറയാനാവില്ല.

കോവിഡ് രൂക്ഷമായപ്പോള്‍ പോലും സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പടെ വിശദമായ കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനങ്ങള്‍ എടുത്തിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന്റെ അഭിഭാഷകന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ഹര്‍ജി ഡിസംബര്‍ രണ്ടാം വാരം വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.