ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും: ഡെല്‍റ്റ വ്യാപനത്തിന്റെ അഞ്ചിരട്ടി വേഗം; കനത്ത ജാഗ്രതാ മുന്നറിയിപ്പുമായി വിദഗ്ധ സമിതി

ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും: ഡെല്‍റ്റ വ്യാപനത്തിന്റെ അഞ്ചിരട്ടി വേഗം; കനത്ത ജാഗ്രതാ മുന്നറിയിപ്പുമായി  വിദഗ്ധ സമിതി

തിരുവനന്തപുരം: ലോകത്തിന് ആശങ്കയായി അവതരിച്ച കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി കോവിഡ് വിദഗ്ധ സമിതി. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സമിതി മുന്നിയിപ്പ് നല്‍കി.

ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

ഒമിക്രോണിന് അതി തീവ്ര വ്യാപന ശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഡെല്‍റ്റ വ്യാപനത്തിന്റെ അഞ്ചിരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ ബാധിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. ടി.എസ്. അനീഷ് പറഞ്ഞു. ഡെല്‍റ്റയുടെ ആര്‍ ഫാക്ടര്‍ അഞ്ചിരട്ടി വര്‍ധിച്ച അവസ്ഥയിലുള്ള വൈറസാണ് ഒമിക്രോണ്‍. ഒമിക്രോണ്‍ ബാധയുള്ള ഒരാള്‍ക്ക് ശരാശരി ഇരുപതോ മുപ്പതോ ആളുകളിലേക്ക് രോഗം പടര്‍ത്താന്‍ കഴിയുമെന്നും ഡാ. ടി.എസ്. അനീഷ് പറഞ്ഞു.

മൂന്നാം ഡോസ് വാക്‌സിന്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് കൂടി പ്രാതിനിധ്യമുള്ള സമിതികളില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്തു. സാംപിളുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേയ്ക്ക് അയച്ചാണ് സാംപിളുകള്‍ പരിശോധിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.