ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ പ്രതിഷേധം അറിയിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വിഷയത്തില്‍ രാഷ്ട്രീയമല്ല ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യം. നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള എല്ലാ നടപടികളും കേരളം സ്വീകരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
വിഷയത്തില്‍ കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി തമിഴ്‌നാടിനെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. മേല്‍നോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിക്കും. ബുധനാഴ്ച രാത്രിയില്‍ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് കൂടാതെ തുറന്നതാണ് നിരവധി ഇടങ്ങളില്‍ ജനലനിരപ്പ് ഉയരാനും വീടുകളില്‍ വെള്ളം കയറാനും ഇടയാക്കിയത്. പെരിയാര്‍ തീരദേശ വാസികള്‍ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില്‍ കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാത ഉപരോധിക്കുകയാണ്.
രാത്രികാലത്ത് അറിയിപ്പില്ലാതെ ഷട്ടര്‍ തുറന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ തമിഴ്നാടിന്റെ ഇത്തരം നടപടി ഒരു സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ്. തമിഴ്നാടിനോട് ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കിയത്. നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. 60 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പിന്നീട് ഇത് മുപ്പത് സെന്റീമീറ്ററായി കുറച്ചു.
ആദ്യം തുറക്കുമ്പോള്‍ മുന്നറിയിപ്പ് ലഭിച്ചില്ല. രണ്ടാമത് 2.30ന് തുറന്നതിന് ശേഷം 2.44ന് ആണ് മുന്നറിയിപ്പ് ലഭിക്കുന്നത്. 3.30ന് വീണ്ടും 10 വരെയുള്ള ഷട്ടറുകള്‍ തുറന്നു. ഇതിന്റെ വിവരം ലഭിക്കുന്നത് 4.27ന് ആണെന്നും മന്ത്രി പറഞ്ഞു. സെക്കന്‍ഡില്‍ 8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുക്കിയത്. പിന്നീട് അത് 4206 ഘനയടിയായി കുറച്ചെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു വിടുന്നത്. രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പില്‍ മാറ്റമില്ല. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുകയാണ്. അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രദേശവാസികള്‍ ഇപ്പോഴും പ്രതിഷേധിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.