നാടാര്‍ സംവരണം: പുതിയ ഉത്തരവിറക്കാനൊരുങ്ങി സര്‍ക്കാര്‍; നിലവിലെ ഉത്തരവ് പിന്‍വലിച്ചു

നാടാര്‍ സംവരണം: പുതിയ ഉത്തരവിറക്കാനൊരുങ്ങി സര്‍ക്കാര്‍; നിലവിലെ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: നാടാര്‍ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും. നിലവിലുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഭരണഘടനാ വിരുദ്ധമെന്ന ഹര്‍ജിയെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുന്നതായി എ ജി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പുതിയ ഉത്തരവ് ഇറക്കാനുള്ള അനുമതിയും കോടതി നല്‍കി. നിലവില്‍ ആനുകൂല്യം കിട്ടിയവരെ സംരക്ഷിച്ച് കൊണ്ടായിരിക്കും പുതിയ ഉത്തരവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഏറെ നാളുകളായുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് ഒബിസിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവ് നാടാര്‍ ഭൂരിപക്ഷമേഖലയില്‍ ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. എന്നാല്‍ ഉത്തരവിന്റെ ഭരണഘടനാസാധുത പ്രതിപക്ഷം ഉള്‍പ്പടെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരുന്നു.

ഉത്തരവിനെ ചോദ്യം ചെയ്ത് മോസ്റ്റ് ബാങ്ക്വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ കോടതിയെ സമീപിച്ചു. എതെങ്കിലും ഒരു മത വിഭാഗത്തിന് സംവരണം നല്‍കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. തുടര്‍ന്ന് ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ഇതിനിടെ എതെങ്കിലും മതവിഭാഗത്തെ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. ഇതോടെയാണ് നിലവിലുള്ള ഉത്തരവ് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

നിയമാനുസൃതമായ പുതിയ ഉത്തരവിറക്കാന്‍ സ്വതന്ത്ര്യം നിലനിര്‍ത്തിയാണ് ഇതെന്നും സര്‍ക്കാര്‍ കോടതില്‍ വ്യക്തമാക്കി. പുതിയ നിയമപ്രകാരമുള്ള ഉത്തരവ് ഉടന്‍ ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫെബ്രുവരിയില്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമനം കിട്ടിയവരെ സംരക്ഷിച്ച് കൊണ്ടായിരിക്കും പുതിയ ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.