കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയില്‍ ഇനി മുതല്‍ ഫിഷ് ഫ്രൈയും. ഊണിനൊപ്പം നോണ്‍വെജ് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് മനസിൽ ആഗ്രഹിച്ചവര്‍ക്കായി ഫിഷ് ഫ്രൈയും സജ്ജമാക്കിയിരിക്കുകയാണ് കോര്‍പ്പറേഷന്‍. ചൂര മത്സ്യമാണ് ഇപ്പോള്‍ വിളമ്പുന്നത്. ഒരു പീസിന് 30 രൂപയാണ് വില.
രാവിലെ 11 മുതലാണ് ഉച്ചഭക്ഷണം നല്‍കിത്തുടങ്ങുന്നത്. ഫിഷ് ഫ്രൈ ലഭ്യമാക്കിത്തുടങ്ങിയ ആദ്യ ദിവസം രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ അഞ്ഞൂറു കഷ്ണം മീന്‍ ചിലവായി. രണ്ടാം ദിവസം 750 കഷ്ണം മീനാണ് വിറ്റത്. അത്യാധുനിക തവയിലാണ് ഇവ പാചകം ചെയ്യുന്നത്. ഒരേ സമയം നൂറോളം മത്സ്യകഷ്ണങ്ങള്‍ വറക്കാന്‍ കഴിയുമെന്നതും എണ്ണ തീരെ കുറച്ചുമതിയെന്നതുമാണ് ഗുണം.
നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി ജനകീയ ഹോട്ടല്‍. അതേസമയം അടുത്ത ആഴ്ച മുതല്‍ ഇവിടെ പ്രഭാതഭക്ഷണവും ലഭ്യമായിത്തുടങ്ങും. ഇഡ്ഡലി - സാമ്പാര്‍, ഉപ്പമാവ് എന്നിവയാണ് പരിഗണനയിലുള്ളത്. നിരക്ക് തീരുമാനിച്ചിട്ടില്ല.
വിശപ്പുരഹിത കൊച്ചി എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പ്രവര്‍ത്തനമാരംഭിച്ച സമൃദ്ധിയില്‍ പ്രതിദിനം 3500ഓളം ഊണാണ് വില്‍ക്കുന്നത്. ഇരുന്നു കഴിക്കുന്നതിനു പത്തു രൂപയും പാഴ്‌സല്‍ ആയി പതിനഞ്ചു രൂപയുമാണ് ഈടാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.