വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്നു പുറത്തു വിടും; അവര്‍ ആരൊക്കെയെന്ന് സമൂഹം അറിയട്ടെയെന്ന് വിദ്യാഭ്യാസ മന്ത്രി

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്നു പുറത്തു വിടും; അവര്‍ ആരൊക്കെയെന്ന് സമൂഹം അറിയട്ടെയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. രാജ്യത്ത് ഒമിക്രോണ്‍ സ്ഥീരികരിച്ച സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.

വാക്സിനെടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇന്ന് ഉച്ച കഴിഞ്ഞ് പുറത്തുവിടും. ഏത് നിലയില്‍ എത്രപേര്‍ വാക്സിനെടുത്തില്ല എന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വരുന്ന പക്ഷം വിദ്യാഭ്യാസ വകുപ്പ് മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

വാക്സിനെടുക്കാന്‍ കഴിയാത്തവര്‍ ആഴ്ചയിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്സിന്‍ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അതിന്റെ തെളിവ് ഹാജരാക്കണം. അയ്യായിരത്തോളം അധ്യാപകര്‍ വാക്സിന്‍ എടുത്തിട്ടില്ലെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.

ചില അധ്യാപകര്‍ വാക്സിനെടുക്കാതെ സ്‌കൂളില്‍ വരുന്നുണ്ട്. ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്സിന്‍ എടുക്കാത്ത അധ്യാപകരെ സ്‌കൂളില്‍ വരാന്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നതായും ശിവന്‍കുട്ടി ആരോപിച്ചു. 47 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.