'കേന്ദ്രം പറയുന്നത് പച്ച കള്ളം': പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

'കേന്ദ്രം പറയുന്നത്  പച്ച കള്ളം': പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രം പച്ച കള്ളമാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ കൈവശമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ ശക്തമായി വിമര്‍ശിച്ച രാഹുല്‍ പഞ്ചാബില്‍ മരണപ്പെട്ട 400 ലേറെ കര്‍ഷകരുടെ പേരുവിവരങ്ങള്‍ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഇതോടൊപ്പം മറ്റുസംസ്ഥാനങ്ങളില്‍ മരണപ്പെട്ട 200 ലേറെ കര്‍ഷകരുടെ കണക്കുകളും രാഹുല്‍ വിശദീകരിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമരഭൂമിയില്‍ ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തയ്യാറല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സമര ഭൂമിയില്‍ ജീവന്‍ വെടിഞ്ഞതിന് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയ കര്‍ഷകരുടെ വിവരങ്ങളാണ് രാഹുല്‍ പുറത്തുവിട്ടത്.

ഈ വിവരങ്ങളെല്ലാം പൊതുജന മധ്യത്തില്‍ ലഭ്യമാണെന്നും തിങ്കളാഴ്ച ഈ വിവരങ്ങള്‍ ലോക്സഭയില്‍ മേശപ്പുറത്തുവയ്ക്കുമെന്നും രാഹുല്‍ പറഞ്ഞു. മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമായിട്ടും അവ കേന്ദ്രം സ്വീകരിച്ചിട്ടില്ല എന്നതാണ് സത്യം. മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മരിച്ചുവീണ കര്‍ഷകരുടെ വിവരങ്ങളെല്ലാം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുണ്ട്. കാര്‍ഷിക നിയമം കൊണ്ടുവന്നതിലെ തെറ്റ് ഏറ്റുപറഞ്ഞ് പ്രധാനമന്ത്രി തന്നെ നേരത്തെ പരസ്യമായി ജനങ്ങളോട് മാപ്പു പറഞ്ഞതാണ്. മരണപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പിന്നെ എന്താണ് പ്രശ്നമെന്നും രാഹുല്‍ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.