മഡ്ഗാവ്: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരേ ചെന്നൈയിൻ എഫ്.സിക്ക് ഗോൾരഹിത സമനില. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാൻ ചെന്നൈയിൻ താരങ്ങൾക്ക് സാധിച്ചില്ല.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഈസ്റ്റ് ബംഗാൾ ബോക്സിലേക്ക് ചെന്നൈയിൻ താരങ്ങളുടെ ആക്രമണമായിരുന്നു. നാലാം മിനിറ്റിൽ തന്നെ അനിരുദ്ധ് ഥാപ്പയുടെ മുന്നേറ്റത്തിൽനിന്ന് മിർലാൻ മുർസെവ് നൽകിയ ക്രോസ് വ്ളാഡിമിർ കോമാന് ലക്ഷ്യത്തിലെത്തിക്കാനായില്ല.
10-ാം മിനിറ്റിൽ മത്സരത്തിലെ തന്നെ മികച്ച രക്ഷപ്പെടുത്തൽ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ സുവം സെന്നിൽ നിന്നുണ്ടായി. പോസ്റ്റിന് തൊട്ടുമുന്നിൽനിന്നുള്ള ചാങ്തെയുടെ ശ്രമം സുവം സെൻ അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയിലുടനീളം സുവം സെന്നിന്റെ സേവുകൾ ബംഗാൾ ടീമിന്റെ രക്ഷയ്ക്കെത്തി.
ഇതിനിടെ 25-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഒരു സെൽഫ് ഗോൾ വഴങ്ങുന്നതിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കോർണറിൽനിന്ന് പന്ത് ലഭിച്ച ലാലിയൻസുല ചാങ്തെയുടെ പാസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ആമിർ ഡെർവിസെവിച്ചിന്റെ കാലിൽ തട്ടി പന്ത് സൈഡ് നെറ്റിൽ പതിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ഈസ്റ്റ് ബംഗാൾ താരങ്ങൾക്കായില്ല. 66-ാം മിനിറ്റിൽ അനിരുദ്ധ ഥാപ്പ നൽകിയ പന്ത് ലക്ഷ്യത്തിലെത്തിക്കാൻ ജെറിക്കായില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു. ഈസ്റ്റ് ബംഗാൾ ഡിഫൻഡർമാരായ ഹിറ മൊൺഡാൽ, ടോമിസ്ലാവ് മർസെല, ജോയ്നർ ലൊറെൻസോ എന്നിവരുടെ പ്രകടനം മികച്ചതായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.