അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ അതിര്‍ത്തി നിയമം പുനഃസ്ഥാപിക്കാനൊരുങ്ങി ബൈഡന്‍ ഭരണകൂടം

 അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ അതിര്‍ത്തി നിയമം പുനഃസ്ഥാപിക്കാനൊരുങ്ങി ബൈഡന്‍ ഭരണകൂടം

വാഷിംഗ്ടണ്‍ : മെക്സിക്കന്‍ അതിര്‍ത്തി വഴി രാജ്യത്തേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് അതിര്‍ത്തി നിയമം പുനഃസ്ഥാപിക്കാനൊരുങ്ങി യു.എസ് സര്‍ക്കാര്‍. തെക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഭയാര്‍ത്ഥികള്‍ മെക്സിക്കോയില്‍ തുടരണമെന്ന് യു.എസ് , മെക്സിക്കന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ട്രംപിന്റെ ഭരണകാലത്ത് അഭയാര്‍ത്ഥി നിയന്ത്രണത്തിനായി കൊണ്ടു വന്ന മൈഗ്രന്റ് പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍ ബൈഡന്‍ ജനുവരിയില്‍ പിന്‍വലിച്ചെങ്കിലും ഈ നിയമം പുനഃസ്ഥാപിക്കണമെന്ന് ഓഗസ്റ്റില്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു.

വിവാദമായ 'മെക്‌സിക്കോയില്‍ തുടരുക' നയമാണ് ബൈഡന്‍ ഭരണകൂടം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അതിര്‍ത്തി കടന്നുള്ള 60,000-ത്തിലധികം അഭയാര്‍ഥികളെ മെക്‌സിക്കോയിലേക്ക് തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടം ഉപയോഗപ്പെടുത്തിയ ഈ നയത്തെ ബൈഡന്‍ മനുഷ്യത്വരഹിതമെന്ന് അക്കാലത്തു വിശേഷിപ്പിരുന്നു. അവര്‍ വന്‍ തോതില്‍ ക്രിമിനല്‍ സംഘങ്ങളുടെ ഇരകളാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ധാരാളം പിഴവുകളുള്ളതായിരുന്നു ഈ പരിപാടിയെന്നാണ്് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രോ മയോര്‍കാസ് നിരീക്ഷിച്ചത്.

മിസോറിയിലെയും ടെക്സാസിലെയും റിപ്പബ്ലിക്കന്‍ പക്ഷ അധികാരികള്‍ 'മെക്‌സിക്കോയില്‍ തുടരുക' നയത്തിലേക്കുള്ള തിരിച്ചുവരവ് റദ്ദാക്കുന്നത് തടയാന്‍ ഫെഡറല്‍ കോടതിയില്‍ ബൈഡന്‍ ഭരണകൂടത്തിനെതിരെ കേസ് കൊടുത്തിരുന്നു. കുടിയേറ്റക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ദുര്‍വഹമായമായ ഭാരം ഉണ്ടാകുമെന്നതാണ് പ്രധാന വാദം. ആത്യന്തികമായി സുപ്രീം കോടതി സംസ്ഥാനങ്ങളുടെ നിരീക്ഷണത്തോടു യോജിപ്പു പ്രകടിപ്പിച്ചു. ഇതോടെ നയം പുനര്‍ജീവിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടം നിര്‍ബന്ധിതമായി.തുടര്‍ന്നാണ് പദ്ധതി എങ്ങനെ പുനരാരംഭിക്കാം എന്നതിനെക്കുറിച്ച് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ മെക്്‌സിക്കോയുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്.

എതിര്‍പ്പുമായി മനുഷ്യാവകാശ സംഘടനകള്‍

പുനഃസ്ഥാപിച്ച കരാര്‍ പ്രകാരം, അവിവാഹിതരായ മുതിര്‍ന്ന അഭയാര്‍ത്ഥികളായിരിക്കും ആദ്യ ഘട്ടത്തില്‍ കൈമാറ്റം ചെയ്യപ്പെടുക. കോവിഡ് -19 വാക്‌സിനേഷനുകള്‍ ഇവര്‍ക്ക് ഉറപ്പാക്കും. സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ മെക്‌സിക്കോ സ്വീകരിക്കുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റക്കാരുടെ ക്ലെയിമുകള്‍ 180 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് 22 ഇമിഗ്രേഷന്‍ ജഡ്ജിമാരെ ഇതിനു വേണ്ടി പ്രത്യേകമായി പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം തന്നെ ബൈഡന്‍ തുടരുന്നത് ആക്ഷേപകരമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു.'അമേരിക്കയില്‍ അഭയം തേടുന്ന ആളുകളുടെ ജീവനും സുരക്ഷയും അപകടപ്പെടുത്തുന്ന ട്രംപ് നയങ്ങള്‍ നടപ്പാക്കുന്നത് പ്രസിഡന്റ് ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും അവസാനിപ്പിക്കണം,'- ഹ്യൂമന്‍ റൈറ്റ്സ് ഫസ്റ്റിലെ അഭയാര്‍ത്ഥി സംരക്ഷണത്തിന്റെ സീനിയര്‍ ഡയറക്ടര്‍ എലീനര്‍ ഏസര്‍ പറഞ്ഞു. അഭയ നിയമങ്ങളും ഉടമ്പടികളും ലംഘിക്കുന്ന നയങ്ങള്‍ മനുഷ്യത്വരഹിതവും അന്യായവുമാണ്. അഴിമതിക്കാരായ മെക്‌സിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും അഭയാര്‍ത്ഥികള്‍ ഇരയാകുന്ന കഥകള്‍ തള്ളിക്കളയാനാകില്ല.

സ്വകാര്യ സ്ഥാപനങ്ങളില്‍ തടവില്‍ കഴിയുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെതിരെ അഭയാര്‍ത്ഥി അഭിഭാഷകര്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലാ ജയിലുകള്‍ അവസാനിപ്പിക്കുമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസ്) ഏജന്‍സിക്ക് ഇക്കാര്യത്തില്‍ ഒഴിവു നല്‍കിയിരിക്കുന്നു. ബൈഡന്‍ അധികാരമേറ്റതിനുശേഷം തടവിലുള്ള കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 29,000 ആയി.'സത്യസന്ധമായി പറഞ്ഞാല്‍, ഇത് അവിശ്വസനീയമാംവിധം നിരാശാജനകമാണ്; പ്രകോപനപരമാണ്'- ഡിറ്റന്‍ഷന്‍ വാച്ച് നെറ്റ്വര്‍ക്കിന്റെ അഭിഭാഷക ഡയറക്ടര്‍ സെതാരെ ഘണ്ഡേഹാരി വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.