കൊച്ചി: ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താന്‍ സുഹൈലും മാതാപിതാക്കളും ശ്രമം നടത്തിയിരുന്നതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.
മോഫിയയെ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍പ്പാക്കാനെന്ന വ്യാജേന സുഹൈല്‍ ആലുവ ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കത്തു നല്‍കിയിരുന്നു. അതനുസരിച്ചു കമ്മിറ്റി ഇരുകൂട്ടരെയും വിളിപ്പിച്ചു. ഭര്‍ത്താവിനൊപ്പം പോകാന്‍ മോഫിയ തയാറായെങ്കിലും സുഹൈല്‍ അനുരഞ്ജന ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മോഫിയ പിന്നാലെ ചെന്ന് കാലുപിടിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പള്ളിക്കമ്മിറ്റിക്കു കത്ത് നല്‍കിയത് പിന്നീടു സ്വയം ന്യായീകരിക്കാനുള്ള പ്രതിയുടെ തന്ത്രമായിരുന്നു എന്നാണ് പൊലീസ് നിഗമനം.
സുഹൈലിന്റെ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തനിക്ക് വിവാഹത്തിനു ശേഷമുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെപ്പറ്റി മോഫിയ ഭര്‍ത്താവ് സുഹൈലിനോട് നിരവധി ശബ്ദസന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ട്. എന്നാല്‍ സുഹൈല്‍ ഇതിനൊന്നും വ്യക്തമായ മറുപടി നല്‍കുന്നില്ല.
സഹിക്കാനാവാത്ത പീഡനം മൂലം ഒരു നിമിഷം പോലും ജീവിച്ചിരിക്കാന്‍ താല്‍പര്യമില്ലെന്നു പല ഘട്ടത്തിലും മോഫിയ ഭര്‍ത്താവിനോടു കരഞ്ഞു പറയുന്നുണ്ട്. കോടതിയുടെ അനുമതിയോടെ പ്രതിയുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം.
മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടര്‍ വേണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. ഡോക്ടറില്‍ കുറഞ്ഞ ഒരാളെ മകന്‍ വിവാഹം ചെയ്തതില്‍ ദേഷ്യം പ്രകടിപ്പിച്ച് സുഹൈലിന്റെ മാതാപിതാക്കള്‍ മോഫിയയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
കേസിലെ പ്രതികളായ ഭര്‍ത്താവ് സുഹൈല്‍, ഭര്‍തൃമാതാവ് റുഖിയ, ഭര്‍തൃപിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.