തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് മരണം കൂടുന്നതില്‍ ആശങ്ക അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 2118 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുന്‍പുള്ള ആഴ്ചയിലേതിനേക്കാള്‍ കൂടുതലാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തൃശൂര്‍, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ മരണ സംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
കേരളത്തില്‍ ഒരു മാസത്തിനിടെ 1,71,521 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഒരു മാസത്തെ ആകെ പുതിയ കേസുകളുടെ 55.8 ശതമാനമാണിതെന്നാണ് ആശങ്കയ്ക്ക് കാരണം. സംസ്ഥാനത്തെ 13 ജില്ലകളിലും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിലെ പുതിയ കേസുകളാണ് ആശങ്ക ഉളവാക്കുന്നതെന്ന് കേന്ദ്രം പറയുന്നു.
കൂടാതെ തിരുവനനന്തപുരം, കോഴിക്കോട്, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലാണ്. ഒമ്പത് ജില്ലകളില്‍ 5-10 ശതമാനത്തിനിടയിലാണ് രോഗ സ്ഥിരീകരണ നിരക്ക്. ഒമിക്രോണ്‍ വക ഭേദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.