കേരളത്തിന്റെ ആവശ്യം തള്ളി: പശ്ചിമഘട്ടത്തിലെ 1337 ചതുരശ്ര കിലോമീറ്റര്‍ നിയന്ത്രണം കുറഞ്ഞ മേഖലയാക്കാമെന്ന് കേന്ദ്രം

കേരളത്തിന്റെ ആവശ്യം തള്ളി: പശ്ചിമഘട്ടത്തിലെ 1337 ചതുരശ്ര കിലോമീറ്റര്‍ നിയന്ത്രണം കുറഞ്ഞ മേഖലയാക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ 1337.24 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഈപ്രദേശങ്ങള്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ 'നോണ്‍ കോര്‍' മേഖലയാക്കാമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. കോര്‍ മേഖലയും നോണ്‍ കോര്‍ മേഖലയും എന്താണെന്ന് നിര്‍വചിക്കണമെന്നും രേഖാമൂലമുള്ള വ്യക്തത നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കസ്തൂരിരംഗന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തിയത്. ശനിയാഴ്ച കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരുമായിട്ടായിരുന്നു ചര്‍ച്ച. നിലവിലുള്ള കരടു വിജ്ഞാപനത്തിന്റെ കാലാവധി ഈമാസം 31ന് അവസാനിക്കും.

കൂടാതെ 2018ല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ശുപാര്‍ശയിലെ നിര്‍ദേശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി കേരളം അറിയിച്ചു. 2014-ല്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 9993.7 ചതുരശ്രകിലോമീറ്ററാണ് പരിസ്ഥിതി ലോലമേഖലയായി നിശ്ചയിച്ചത്. ഇതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് 1337.24 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2018ല്‍ വീണ്ടും റിപ്പോര്‍ട്ടു നല്‍കിയത്. ഇതോടെ പരിസ്ഥിതിമേഖലയില്‍ ഉള്‍പ്പെടേണ്ട ഗ്രാമങ്ങളുടെ എണ്ണം 123-ല്‍ നിന്ന് 92 ആയി.

മാത്രമല്ല ഒഴിവാക്കാന്‍ ആവശ്യപ്പെട്ട പ്രദേശത്ത് ജനങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുകയാണെന്നും വീടുകളും കമ്പോളങ്ങളും ഓഫീസുകളുമുണ്ടെന്നും കേരളം കേന്ദ്രത്തെ ധരിപ്പിച്ചു. വനസംരക്ഷണത്തിന് കേരളത്തിന് ശക്തമായ നിയമങ്ങളുണ്ടെന്നും ഇത്തരം മേഖലയില്‍ കടുത്ത ആഘാതങ്ങളുള്ള വ്യവസായങ്ങള്‍ സ്ഥാപിക്കില്ലെന്നും അറിയിച്ചു. സമാനമായ ആവശ്യങ്ങളാണ് കര്‍ണാടകവും തമിഴ്‌നാടും ഉന്നയിച്ചത്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലമേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള പ്രദേശങ്ങള്‍(കോര്‍), നിയന്ത്രണങ്ങള്‍ കുറഞ്ഞ പ്രദേശങ്ങള്‍(നോണ്‍ കോര്‍) എന്നിങ്ങനെ രണ്ടായി തിരിക്കാമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലുമായുള്ള ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞത്. കോടതികളില്‍ അടക്കമുള്ള രേഖകളില്‍ 9993.7 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ പരിസ്ഥിതി ലോല മേഖല. ഇതില്‍ മാറ്റം വരുത്താന്‍ പ്രയാസമാണെന്ന് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു.

നോണ്‍ കോര്‍ മേഖലയില്‍ കടുത്ത പരിസ്ഥിതി ആഘാതങ്ങളുണ്ടാക്കുന്ന വ്യവസായങ്ങള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴികെയുള്ളവ അനുവദിക്കാമെന്നും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് നോണ്‍ കോര്‍ വിഭാഗത്തെക്കുറിച്ച് രേഖാപരമായി വ്യക്തത വരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടത്. നോണ്‍ കോര്‍ വിഭാഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം ആര്‍ക്കായിരിക്കുമെന്നും വ്യക്തമാക്കണം. ഇത്തരം വിഷയങ്ങളില്‍ അന്തിമവിജ്ഞാപനത്തിനുമുമ്പ് സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ചനടത്താമെന്ന് കേന്ദ്രം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.