'ഔര്‍ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന്. കൂദാശാ കര്‍മ്മം ഡിസംബര്‍ പത്തിന്. 2,300 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കത്തീഡ്രല്‍ മിഡിലീസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം.
മനാമ: മിഡിലീസ്റ്റിലുള്ള ക്രൈസ്തവ സമൂഹത്തിന് അഭിമാനത്തിന്റെയും ആത്മനിര്‍വൃതിയുടെയും ധന്യ നിമിഷം. മിഡിലീസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം കൂദാശാ കര്‍മ്മത്തിനായി ഒരുങ്ങി. പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തില്‍ നിര്‍മിച്ച 'ഔര്‍ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് രാവിലെ 11 ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നിര്‍വഹിക്കും.
ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം ഡിസംബര്‍ പത്തിന് രാവിലെ 10ന് മാര്‍പാപ്പയുടെ പ്രതിനിധിയായെത്തുന്ന സുവിശേഷവത്കരണ തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ നിര്‍വഹിക്കും. കുവൈറ്റ്, ബഹ്റിന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ അപ്പോസ്തലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് യൂജിന്‍ ന്യൂജന്റ്, സതേണ്‍ അറേബ്യ വികാരി അപ്പോസ്തലിക്കയും നോര്‍ത്തേണ്‍ അറേബ്യ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് പോള്‍ ഹിന്‍ഡര്‍ എന്നിവര്‍ പങ്കെടുക്കും.
സൗദി അറേബ്യ, ബഹ്റിന്‍, കുവൈറ്റ്, ഖത്തര്‍, എന്നിവ ഉള്‍പ്പെടുന്ന നേര്‍ത്ത് അറേബ്യന്‍ അപ്പോസ്തലിക് വികാരിയത്തിന്റെ കേന്ദ്രം കൂടിയായിരിക്കും ഈ പള്ളി. കഴിഞ്ഞ വര്‍ഷം അന്തരിച്ച വടക്കന്‍ അറേബ്യയുടെ അപ്പോസ്തലിക് വികാരി ആയിരുന്ന ബിഷപ്പ് കാമിലിയോ ബല്ലിന്റെ സ്വപ്നമാണ് ഈ ദേവാലയം.
രാജ്യ തലസ്ഥാനമായ മനാമയില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി അവാലി മുനിസിപ്പാലിറ്റിയില്‍ ബഹ്‌റിന്‍ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് കത്തീഡ്രലും വികാരിയത്തിന്റെ ആസ്ഥാന കാര്യാലയവും നിര്‍മ്മിച്ചിരിക്കുന്നത്.
ഏതാണ്ട് 95,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഭാഗമായാണ് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത്. 2,300 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കത്തീഡ്രലിന്റെ വശങ്ങളില്‍ ചാപ്പലുകളും വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്.
2013 ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11 ാണ് കത്തീഡ്രല്‍ നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തത്. 2014 മേയ് 19ന് വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ബഹ്റിന്‍ രാജാവ് കത്തീഡ്രലിന്റെ ചെറുമാതൃക മാര്‍പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു. ഏതാണ്ട് 80,000 ത്താളം കത്തോലിക്കരാണ് ബഹ്റിനിലുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.
ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത് വാര്‍ത്താ സമ്മേളനത്തില്‍ പ്രോജക്ട് മേധാവി ഫാ. സജി തോമസ്, മനാമ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് വികാരി ഫാ. സേവ്യര്‍ മരിയന്‍ ഡിസൂസ, റോഡ്രിഗോ സി. അക്കോസ്റ്റ, ജീസസ് സി പാലിങ്കോട്, മൈക്കല്‍ ബ്യൂണോ കാര്‍ണി, ജിക്‌സണ്‍ ജോസ് ബിനോയ്, ബിനോയ് ഏബ്രഹാം, രഞ്ജിത് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.