മുംബൈ: രാജ്യത്ത് ഭീതി വിതച്ച് മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 12 ആയി.
മണിക്കൂറുകള്‍ക്ക് മുന്‍പ് ഡല്‍ഹിയിലും രോഗം സ്ഥിരീകരിച്ചിരുന്നു. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 37 കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഗുജറാത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തര്‍ക്ക് രോഗ ബാധ കണ്ടെത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ജാംനഗറിലെത്തിയ ആളിലാണ് ഗുജറാത്തില്‍ വൈറസ് കണ്ടെത്തിയത്. 72 കാരനായ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ പേരെയും കണ്ടെത്താനായിട്ടില്ല.
നേരത്തെ കര്‍ണാടകയില്‍ രണ്ടു പേരില്‍ ഒമിക്രോണ്‍ കണ്ടെത്തിയിരുന്നു. വിദേശത്തു നിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തില്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടി വരുമെന്നാണ് കണക്കു കൂട്ടല്‍. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിദേശ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ നിന്നാണ് 46 കാരനായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് നിഗമനം. സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയ കോണ്‍ഫറന്‍സില്‍ ദക്ഷിണാഫ്രിക്ക, സിംബാവേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു.
കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ മാളുകളും റസ്റ്റോറന്റുകളും സന്ദര്‍ശിച്ചു. രോഗ ബാധിതനായ ഡോക്ടറുടേതടക്കം സമ്പര്‍ക്ക പട്ടിക വിപുലീകരിക്കുമ്പോള്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരും. അതിനിടെ ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വകാര്യ ലാബ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.